കൊച്ചി: ക്യാന്‍സര്‍ രോഗിയായ 73കാരനെയും ചെറുമക്കളെയും കെഎസ്ആര്‍ടിസി ബസില്‍ നിന്ന് ഇറക്കിവിട്ട സംഭവത്തില്‍ കണ്ടക്ടറെ സസ്പെന്‍ഡ് ചെയ്തു. കഴിഞ്ഞ മേയ് 23 ന് ഏലപ്പാറയില്‍ നിന്നും തൊടുപുഴയിലേക്ക് ടിക്കറ്റെടുത്ത് യാത്ര ചെയ്ത 73 വയസുള്ള ക്യാന്‍സര്‍ രോഗിയെയും 13ഉം 7ഉം വയസുള്ള കൊച്ചുമക്കളേയുമാണ് കണ്ടക്ടര്‍ ഇറക്കിവിട്ടത്.
യാത്ര ചെയ്യവെ ഇളയ കുട്ടിക്ക് പ്രാഥമികാവശ്യത്തിന് വേണ്ടി ബസ് നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും കണ്ടക്ടര്‍ അത് നിരസിച്ച് അവരെ ബസില്‍ നിന്നും ഇറക്കി വിടുകയായിരുന്നു.
മാധ്യമ വാര്‍ത്തകളെ തുടര്‍ന്ന് അന്വേഷണം നടത്തിയ തൊടുപുഴ സ്ക്വാഡ് ഇന്‍സ്പെക്ടറുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് മൂലമറ്റം യൂണിറ്റിലെ കണ്ടക്ടര്‍ ജിന്‍സ് ജോസഫിനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്.
ദീര്‍ഘ ദൂര യാത്ര ചെയ്യുന്ന യാത്രക്കാരന് രണ്ട് പെണ്‍കുട്ടികളുമായി യാത്ര ചെയ്യുമ്പോള്‍ ഇത്തരം ഒരു ആവശ്യം അറിയിച്ചിട്ടും പെണ്‍കുട്ടികളാണെന്ന പരിഗണന നല്‍കാത്തത് മനുഷ്യത്വപരമല്ലെന്ന് സ്ക്വാഡ് ഇന്‍സ്പെക്ടര്‍ വിലയിരുത്തി.
കണ്ടക്ടര്‍ യാത്രക്കാരന്റെ പ്രായം മാനിക്കുക പോലും ചെയ്തില്ല. യാത്രക്കാര്‍ക്ക് ആവശ്യമായ സൗകര്യം ഒരുക്കി നല്‍കാതെ ബസില്‍ നിന്നും ഇറക്കിവിട്ട നടപടി കണ്ടക്ടറുടെ ഉത്തരവാദിത്വമില്ലായ്മയും കൃത്യനിര്‍വ്വഹണത്തിലെ ഗുരുതര വീഴ്ചയുമാണെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി.
Discussion about this post