കൊച്ചി: ‘പ്രിയപ്പെട്ട കള്ളാ, ആ സൈക്കിള്‍ തിരികെ തരൂ…’. രണ്ട് പതിറ്റാണ്ടുകാലമായി തന്റെ സാരഥിയായി കൂടെയുണ്ടായിരുന്ന സൈക്കിള്‍ മോഷ്ടിച്ച കള്ളനോട് കണ്ണീരോടെ അഭ്യര്‍ഥിക്കുകയാണ് പീതാംബരന് (71).
വര്‍ഷങ്ങളായി ജീവിതത്തിന്റെ ഭാഗം തന്നെയായ സൈക്കിള്‍ പെട്ടെന്നൊരു ദിവസം ആരോ മോഷ്ടിച്ചു കൊണ്ടുപോയതോടെ ജീവിതം തന്നെ തകര്‍ന്ന നിലയിലാണ് പീതാംബരന്. സൈക്കിള്‍ പോയതോടെ ശരീരത്തിന്റെ ഒരു വശം തളര്‍ന്നതുപോലെ തോന്നുന്നുവെന്നാണ് പീതാംബരന് പറയുന്നത്.
ഇടപ്പള്ളി പോണേക്കര മനക്കപ്പറമ്പ് സ്വദേശിയായ പീതാംബരന് കഴിഞ്ഞ ദിവസം തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ കലാശക്കൊട്ട് കാണാന്‍ പാലാരിവട്ടത്ത് പോയപ്പോഴാണ് സൈക്കിള്‍ നഷ്ടപ്പെട്ടത്. അവിടെ പോലീസ് സ്റ്റേഷന്റെ അടുത്താണ് സൈക്കിള്‍ പൂട്ടിവെച്ചത്. തിരിച്ചുവന്നപ്പോള്‍ സൈക്കിളില്ല. ആരെങ്കിലും തിരക്കിനിടെ മാറ്റിവെച്ചതാണെന്ന് സംശയിച്ച് ആ പ്രദേശം മുഴുവന്‍ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.
20ാം വയസ്സില്‍ പാല്‍ക്കച്ചവടം തുടങ്ങിയപ്പോള്‍ മുതല്‍ സൈക്കിളിലാണ് പീതാംബരന്റെ ജീവിതം. അതുകഴിഞ്ഞ് കാറ്ററിങ് ജോലിയും അമ്പലത്തിലെ ജോലിയുമൊക്കെ ചെയ്തപ്പോഴും യാത്രകളൊക്കെ സൈക്കിളില്‍ തന്നെയായിരുന്നു. കഴിഞ്ഞ 50ലേറെ വര്‍ഷത്തിനിടയില്‍ കാലില്‍ നീരുവന്നു ചികിത്സയിലായിരുന്ന കുറച്ചു ദിവസമൊഴിച്ച് ബാക്കിയെല്ലാ ദിവസവും സൈക്കിള്‍ ചവിട്ടിയിട്ടുണ്ടെന്നാണ് പീതാംബരന് പറയുന്നത്. ഇപ്പോള്‍ 71ാം വയസ്സില്‍ മരുമകനെ സഹായിച്ചുകൊണ്ട് കട നോക്കിനടത്തുമ്പോഴും സൈക്കിളില്‍ തന്നെയാണ് സഞ്ചാരം.
‘സൈക്കിള്‍ ചവിട്ടാതെ എനിക്കു ജീവിക്കാനാകില്ല. ജീവനെപ്പോലെ ഞാന്‍ കൊണ്ടുനടന്നിരുന്ന സൈക്കിള്‍ എടുത്തുകൊണ്ടു പോയത് ആരാണെങ്കിലും അവര്‍ അതു തിരിച്ചു നല്‍കുമെന്നാണ് എന്റെ മനസ്സ് പറയുന്നത്. കാരണം സൈക്കിള്‍ എന്റെ ജീവിതം തന്നെയാണല്ലോ’ കടയില്‍നിന്നു സങ്കടത്തോടെ പീതാംബരന് പറയുന്നു.
മോഷണം പോയ സൈക്കിള്‍ ഇരുപതിലേറെ കൊല്ലം മുമ്പാണ് സെക്കന്‍ഡ് ഹാന്‍ഡായി വാങ്ങിയത്. അന്ന് പത്തു വര്‍ഷം പഴക്കമുണ്ടായിരുന്നു അതിന്. പീതാംബരന് സൈക്കിളിനോടുള്ള ആത്മബന്ധം മനസ്സിലാക്കിയ പോലീസും കേസ് ഗൗരവമായാണ് അന്വേഷിക്കുന്നത്.
Discussion about this post