എടക്കര: രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സ്‌കൂള്‍ തുറന്നപ്പോള്‍ ഹൃദയം കീഴടക്കിയത് ഒരു ഡാന്‍സായിരുന്നു. ഒരു മുത്തശ്ശിയുടെ കിടിലന്‍ ഡാന്‍സ്. 67 വയസ്സുകാരി വിജയമ്മയായിരുന്നു ചുവടുവച്ചത്. മൂത്തേടം മൂച്ചിപ്പരത അങ്കണവാടിയിലെ പ്രവേശനോത്സവത്തിലാണ് മൂച്ചിപ്പരത കോളനിയിലെ ചരുവിളപുത്തന്‍വീട് വിജയമ്മ നൃത്തം ചെയ്തത്.
വിജയമ്മയുടെ തകര്‍പ്പന്‍ ഡാന്‍സ് കണ്ട് മന്ത്രി വി ശിവന്‍കുട്ടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു; ‘വയസ്സ് ഒരു നമ്പര്‍ മാത്രം’. ‘പാലാഴി കടഞ്ഞെടുത്തൊരഴകാണ് ഞാന്‍, കാലില്‍ കാഞ്ചന ചിലമ്പണിയും കലയാണു ഞാന്‍’ എന്ന പാട്ടിന്റെ വരികള്‍ക്കൊപ്പിച്ചുള്ള വിജയമ്മയുടെ നൃത്തച്ചുവടുകള്‍ കണ്ട എല്ലാവരും പറഞ്ഞു ‘തകര്‍ത്തു’.
കോളനിക്കു സമീപമുള്ള അങ്കണവാടിയില്‍ എല്ലാ വര്‍ഷവും പ്രവേശനോത്സവത്തിന് വിജയമ്മ എത്താറുണ്ട്. അപ്പോഴൊക്കെ പാട്ടുപാടാറാണ് പതിവ്. എന്നാല്‍, ഇത്തവണ നൃത്തം ചെയ്യണമെന്ന് അങ്കണവാടി വര്‍ക്കര്‍ ലീലാമണിയും ഹെല്‍പര്‍ രുക്മിണിയും ആവശ്യപ്പെടുകയായിരുന്നു. നോക്കട്ടെ എന്നായിരുന്നു മറുപടി.
ഒന്നുകൂടി നിര്‍ബന്ധിച്ചപ്പോള്‍ എന്നാല്‍, ‘പാലാഴി കടഞ്ഞെടുത്തൊരഴകാണ്’ എന്ന പാട്ട് വയ്ക്കാന്‍ പറഞ്ഞു. യൂട്യൂബില്‍ തപ്പി പാട്ട് വച്ചുകൊടുത്തു. പാട്ടിന്റെ ആദ്യം മുതല്‍ അവസാനം വരെ മനോഹരമായി നൃത്തച്ചുവടുകള്‍ വച്ചപ്പോള്‍ സദസ്സ് ഒന്നടങ്കം കയ്യടിച്ചു.
അങ്കണവാടിയില്‍ പഠിക്കുന്ന കുട്ടിയുടെ പിതാവ് സജേഷാണ് നൃത്തത്തിന്റെ വീഡിയോ പകര്‍ത്തിയത് സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തതോടെ മിനിറ്റുകള്‍ക്കം വൈറലായി. വര്‍ഷങ്ങള്‍ ഏറെ മുന്‍പ് ക്ഷേത്രോത്സവത്തിനോടുബന്ധിച്ച് കലാപരിപാടിയില്‍ നൃത്തം ചെയ്തതാണെന്നും ഇത് ഇത്രയും കാര്യമാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ലെന്നും വിജയമ്മ പറഞ്ഞു.
ഒട്ടേറെപ്പേര്‍ വിജയമ്മയെ ഫോണില്‍ വിളിച്ച് അഭിനന്ദനങ്ങള്‍ അറിയിച്ചു. പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടന്ന അനുമോദനത്തില്‍ പ്രസിഡന്റ് പി.ഉസ്മാന്‍, വിദ്യാഭ്യാസ സ്ഥിര സമിതി അധ്യക്ഷന്‍ അനീഷ് കാറ്റാടി എന്നിവര്‍ ഉപഹാരം നല്‍കി.
Discussion about this post