മലപ്പുറം: ഡീസലിൽ വെള്ളം കലർത്തിയെന്ന കാറുടമയുടെ പരാതിയിൽ ഉപഭോക്തൃ കമ്മിഷന്റെ അനുകൂല വിധി. വെസ്റ്റ് കോഡൂർ സ്വദേശി വിജേഷ് കൊളത്തായി നൽകിയ പരാതിയിലാണ് നഷ്ടപരിഹാരം നൽകാൻ പ്രഖ്യപിച്ച് ഉത്തരവ് വന്നത്. 3.76 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകണമെന്ന് കമ്മീഷൻ ഉത്തരവിട്ടു.
കുമരകത്തുള്ള ജോലിസ്ഥലത്തേയ്ക്ക് പോകുമ്പോഴാണ് 4500 രൂപയുടെ ഡീസൽ കാറിൽ നിറച്ചത്. എന്നാൽ കുറച്ചുദൂരം സഞ്ചരിച്ചപ്പോഴേക്കും കാർ നിന്നു. പരിശോധനയിൽ വെള്ളം കലർന്നതാണ് കാരണമെന്നും പരാതിക്കാരൻ കമ്മിഷനെ അറിയിച്ചു. ഡീസലിൽ മാലിന്യവും ജലാംശവും കലർന്നിരുന്നതായി ലബോറട്ടറി പരിശോധനയിൽ കണ്ടെത്തി.
തുടർന്നാണ് കമ്മിഷൻ കാറുടമയ്ക്ക് അനുകൂലമായ വിധി പ്രസ്താവിച്ചത്. വാഹനം നന്നാക്കുന്നതിനു വന്ന ചെലവായ 1,57,891 രൂപയും നഷ്ടപരിഹാരമായി 2,00,000 രൂപയും കോടതിച്ചെലവായി ഈടാക്കിയ 15,000 രൂപയും ഡീസലിന്റെ വിലയായി ഈടാക്കിയ 4500 രൂപയും പമ്പുടമ പരാതിക്കാരന് നൽകണം. കെ. മോഹൻദാസ് പ്രസിഡന്റും പ്രീതി ശിവരാമൻ, സി.വി. മുഹമ്മദ് ഇസ്മായിൽ എന്നിവർ അംഗങ്ങളുമായ കമ്മിഷന്റേതാണ് വിധി. ഒരു മാസത്തിനകം തുക നൽകണം, അല്ലാത്ത പക്ഷം 12 ശതമാനം പലിശ ഈടാക്കും.
Discussion about this post