തിരുവനന്തപുരം: ഏകധ്യാപക സ്കൂളിൽ 23 വർഷം കുട്ടികളെ അക്ഷരം പഠിപ്പിച്ച അധ്യാപികയെ വിരമിക്കാൻ വർഷങ്ങൾ ബാക്കിനിൽക്കെ മറ്റൊരു സ്കൂളിൽ തൂപ്പുകാരിയായി നിയമിച്ച് ഉത്തരവ്. തിരുവനന്തപുരം അമ്പൂരി കുന്നത്തുമല ഏകധ്യാപക വിദ്യാലയത്തിലെ അധ്യാപികയായ ഉഷ കുമാരിക്കാണ് ഈ ദുരവസ്ഥ. ആദിവാസി കുട്ടികളെ അക്ഷരം പഠിപ്പിച്ചതിന് മികച്ച അധ്യാപികയ്ക്കുള്ള സംസ്ഥാന ബഹുമതി ലഭിച്ച ഉഷ ടീച്ചർക്ക് തൂപ്പുകാരിയായി ജോലി നൽകിയതിനെതിരെ പ്രതിഷേധം ഉയരുകയാണ്.
ടീച്ചർക്ക് ആറ് വർഷത്തെ സർവിസ് ബാക്കി നിൽക്കേയാണ് പുതിയനിയമന ഉത്തരവ് ലഭിച്ചത്. രണ്ട് മാസം മുൻപ് വരെ സ്കൂളിലെ കുട്ടികളെ പഠിപ്പിച്ചിരുന്നതാണ് ഉഷ കുമാരി. അമ്പൂരിയിലെ വിദ്യാലയത്തിൽ നിന്ന് ഇവർക്ക് പേരൂർക്കടയിലെ ഹയർ സെക്കൻഡറി സ്കൂളിലാണ് തൂപ്പുകാരിയുടെ നിയമനം.
അതേസമയം, തൂപ്പുകാരിയാകുന്നതിലൊന്നും വിഷമമില്ലെന്നാണ് ടീച്ചർ പറയുന്നത്. എന്തുതന്നെയായാലും അധ്വാനിച്ച് ജീവിക്കാനാണ് ഇഷ്ടമെന്നും ഇവർ പറയുന്നു. തൂപ്പുകാരിയുടെ ജോലി വേണ്ടെന്നാണ് മക്കൾ പറഞ്ഞത്. മുഴുവൻ പെൻഷനും നൽകണമെന്ന് മാത്രമാണ് എനിക്ക് സർക്കാരിനോട് അപേക്ഷിക്കാനുള്ളതെന്നും ഉഷാ കുമാരി പറയുന്നു.
ഏകാധ്യാപക വിദ്യാലയങ്ങൾ അടച്ചുപൂട്ടാൻ സർക്കാർ തീരുമാനിച്ചപ്പോൾ അനിശ്ചിതത്വത്തിലായ 344പേരിൽ ഒരാളാണ് ഉഷാ കുമാരി ടീച്ചറും. ഇവരെ ഒഴിവ് അനുസരിച്ച് പാർട്ട് ടൈം/ഫുൾടൈം തൂപ്പുകാരിയായി നിയമിക്കാനാണ് വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചത്. സർക്കാരിന്റെ ഉത്തരവ് അനുസരിച്ച് അൻപത് പേർ ഇന്നലെ സ്കൂളിൽ ജോലിക്കെത്തിയിരുന്നു. കൂട്ടത്തിൽ ഒരാളായി ഉഷാ കുമാരി ടീച്ചറും ജോലിയ്ക്ക് എത്തി.
Discussion about this post