നെടുങ്കണ്ടം: നാട്ടിലെ വിദ്യാർത്ഥികളുടെ സ്കൂളിലേക്കുള്ള യാത്ര മുടങ്ങാതിരിക്കാനായി സ്വന്തം പുരയിടത്തിന്റെ ആധാരം പണയപ്പെടുത്തി സ്കൂൾ ബസ് വാങ്ങി നൽകിയ പ്രിയപ്പെട്ട നാട്ടുകാരനെ ആദരിച്ച് സ്കൂൾ പിടിഎ. സ്കൂളിന് ബസ് വാങ്ങി നൽകാൻ വീട് പണയപ്പെടുത്തിയ ടിഎം ജോണിന് കല്ലാർ ഗവ. ഹൈസ്കൂൾ ആധാരം തിരികെ എടുത്തുനൽകി.
കുട്ടികളുടെ യാത്രാക്ലേശം അറിഞ്ഞ് ബസ് വാങ്ങി നൽകിയ ജോൺ മുൻ പിടിഎ പ്രസിഡന്റ് കൂടിയാണ്. സ്കൂളിൽ നടന്ന പ്രവേശനോത്സവത്തിനിടെയാണ് ബസ് വാങ്ങാനായി ജോൺ ആധാരം ഈടായി നൽകിയെന്ന വിവരം അധികൃതർ അറിയിച്ചത്. കഴിഞ്ഞ അധ്യയന വർഷം വരെ പിടിഎ പ്രസിഡന്റായിരുന്ന ടിഎം ജോൺ സ്കൂളിന് സ്വന്തമായി ഒരു ബസ് വാങ്ങാൻ പുരയിടവും വീടും സഹകരണ ബാങ്കിൽ പണയപ്പെടുത്തി വായ്പയെടുക്കുകയായിരുന്നു.
ഇടുക്കി കരുണാപുരം, നെടുങ്കണ്ടം, പാമ്പാടുംപാറ, ഉടുമ്പൻചോല പഞ്ചായത്തുകളിലെ വിദ്യാർഥികൾ പഠിക്കുന്നത് കല്ലാർ ഗവ. സ്കൂളിലാണ്. പ്രാദേശികമായി 12 പിടിഎ കമ്മിറ്റികളുടം ഈ സ്കൂളിനുണ്ട്. പുഷ്പകണ്ടം മേഖലയിൽ പ്രാദേശിക പിടിഎ ചേർന്നപ്പോഴാണ് ഇവിടത്തെ കുട്ടികൾക്ക് ഗതാഗത സൗകര്യം കുറവാണെന്നും സ്കൂളിലെത്താൻ ഏറെ ബുദ്ധിമുട്ടുന്നുണ്ടെന്നും പരാതി ഉയർന്നത്.
also read- ജോളിക്ക് ശസ്ത്രക്രിയ വേണം; വിദഗ്ധ ചികിത്സവേണമെന്ന് പ്രതിഭാഗം
പലവിധത്തിൽ ഗതാഗത തടസ്സം പരിഹരിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഒടുവിൽ ബസ് വാങ്ങാൻ തീരുമാനിക്കുകയായിരുന്നു. സ്കൂളിനു ഫണ്ട് കുറവാണെന്നതിനാൽ തന്നെ ടിഎം ജോൺ തന്നെ മുന്നിട്ടിറങ്ങി ആധാരം സ്കൂളിന് കൈമാറി ഈടുവച്ച് പണം കണ്ടെത്തുകയായിരുന്നു. 12 ലക്ഷത്തോളം രൂപ മുടക്കിയാണ് ചെറിയ ബസ് വാങ്ങിയത്.
നിലവിൽ ഈ ബസിലാണ് കുട്ടികൾ സ്കൂളിലേക്ക് എത്തുന്നത്. കുട്ടികളുടെ യാത്രാബുദ്ധിമുട്ടുകൾക്ക് പരിഹാരമായതിനാൽ തന്നെ ടിഎം ജോണിന്റെ സന്മനസിനെ ആദരിക്കാതിരിക്കാൻ സ്കൂൾ അധികൃതർക്കായില്ല. ബസിന്റെ ബാധ്യതകളെല്ലാം തീർത്ത് സ്കൂൾ പിടിഎ ആധാരം ടിഎം ജോണിന് തന്നെ എടുത്തുനൽകുകയായിരുന്നു.
Discussion about this post