മദ്യപാനത്തിനിടെ പാടിയ പാട്ട് ഇഷ്ടമായില്ല; വഴയില ഇരട്ടകൊലപാതക കേസിലെ പ്രതിയെ തലക്കടിച്ച് കൊന്നത് സുഹൃത്തുക്കൾ; രണ്ട് പേർ പിടിയിൽ

തിരുവനന്തപുരം: മദ്യപാന സദസ്സിലെ പാട്ടിനെ ചൊല്ലിയുണ്ടായ തർക്കത്തിന് ഒടുവിൽ സുഹൃത്തുക്കൾ ഇരട്ടകൊലപാതക കേസിലെ പ്രതിയെ തലക്കടിച്ച് കൊലപ്പെടുത്തി.വഴയില ഇരട്ടകൊലപാതക കേസിലെ പ്രതി വിഷ്ണുരൂപ് എന്ന മണിച്ചനെ (34) യാണ് ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയത്.

മദ്യപാനത്തിനിടെ പാടിയ പാട്ട് മണിച്ചന് ഇഷ്ടപ്പെട്ടിരുന്നില്ല. ഇതിനെ ചൊല്ലി തർക്കം ആരംഭിക്കുകയും ഒടുവിൽ കൊലപാതകത്തിൽ കലാശിക്കുകയും ആയിരുന്നു.

സംഭവുമായി ബന്ധപ്പെട്ട് പ്രതികളായ ദീപക് ലാൽ, അരുൺ ജി രാജീവ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവർ നേരത്തെ ക്രിമിനൽ കേസുകളിൽ പ്രതികളല്ലെന്നു പോലീസ് പറഞ്ഞു. അരുൺ ക്ഷേത്രത്തിലെ പൂജാരിയാണ്. ഗുണ്ടാപകയല്ല കൊലപാതകത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം.

വഴയില ആറാംകല്ലിലെ സ്വകാര്യ ലോഡ്ജിൽ ബുധനാഴ്ച രാത്രിയാണ് കൊലപാതകം നടന്നത്. 31–ാം തീയതി മുതൽ മണിച്ചനും സുഹൃത്തുക്കളും മുറിയെടുത്ത് മദ്യപിച്ചിരുന്നു. മദ്യപാനത്തിനിടെ പാട്ടുപാടിയത് മണിച്ചന് ഇഷ്ടമായില്ലെന്ന് പറഞ്ഞ് വാക്കേറ്റമായി. മുൻപ് പ്രതികളെ മണിച്ചൻ മർദിച്ചിരുന്നു. ഇതെല്ലാം തർക്കത്തിന് വിഷയമായി. ഒടുവിൽ അടിപിടിയുണ്ടാകുകയും ചുറ്റിക കൊണ്ട് മണിച്ചൻ്റെ തലക്കടിച്ച് പ്രതികൾ കൃത്യം നടത്തുകയും ആയിരുന്നെന്ന് പോലീസ് പറയുന്നു. മദ്യപാനത്തിനിടെ ഉണ്ടായ തര്‍ക്കത്തിനൊടുവില്‍ മണിച്ചനേയും ഹരിയേയും ആക്രമിച്ച ശേഷം പ്രതികൾ ഓടി രക്ഷപ്പെട്ടിരുന്നു.
also read- മൂന്നര പതിറ്റാണ്ട് കാലത്തെ അധ്യാപനത്തിനു ശേഷം പടിയിറങ്ങി, താക്കോൽ കൈമാറിയത് ഭാര്യയ്ക്ക്; അപൂർവ്വമായി ഒരു യാത്രയയപ്പും ചുമതല കൈമാറലും

പ്രതികളെ പിടികൂടിയത് പിന്നാലെ റൂറൽ എസ്പി സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. വിഷ്ണുരൂപിന്റെ മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Exit mobile version