ഒറ്റപ്പാലം: 36 വർഷത്തെ അധ്യാപനത്തിനും ഒരു വർഷത്തെ പ്രധാനാധ്യാപക ചുമതലക്കും ശേഷം കൃഷ്ണലാൽ മാഷ് പടിയിറങ്ങുമ്പോൾ ചുമതല ഏറ്റുവാങ്ങിയത് ഭാര്യ കെ. സുജാത. പനമണ്ണ യു.പി.സ്കൂളിൽ ആണ് അപൂർവ്വമായ ഈ ചുമതല കൈമാറ്റം നടന്നത്.
സ്ക്കൂളുകളിൽ നിന്നും വിരമിക്കുമ്പോൾ കോതകുറിശ്ശി ചേറമ്പറ്റക്കാവ് കൊട്ടിലിങ്കൽ വീട്ടിൽ കൃഷ്ണലാൽ (56) മാഷ് അതെ സ്കൂളിലെ അധ്യാപികയും ഭാര്യയുമായ കെ. സുജാത (50)യ്ക്കാണ് ചുമതല നൽകിയത്. സീനിയോറിറ്റി പ്രകാരം സുജാത ടീച്ചർ തന്നെ സ്ഥാനത്തേക്ക് വന്നതും യാദൃശ്ചികമായി.
ചൊവ്വാഴ്ച വൈകീട്ട് അഞ്ചുമണിക്ക് കൃഷ്ണലാൽ മാഷ് സ്കൂളിൽനിന്നിറങ്ങിയപ്പോൾ ഭാര്യയ്ക്ക് ഓഫീസ് മുറികളുടെ താക്കോൽ നൽകിയാണ് ചുമതല കൈമാറിയത്.
37 വർഷം ഈ സ്കൂളിൽ ശാസ്ത്രാധ്യാപകനായിരുന്നു കൃഷ്ണലാൽ. ഒരുവർഷംമുമ്പ് പ്രധാനാധ്യാപകനായി. 30 വർഷമായി ഇവിടത്തെ ഇംഗ്ലീഷ് അധ്യാപികയാണ് സുജാത.
പനമണ്ണ സ്കൂളുമായി കൃഷ്‌ണലാൽ മാഷിന് അടുത്ത ബന്ധമുണ്ടെന്ന് മാനേജരും അധ്യാപകനുമായ വി ശ്രീഹരി പറയുന്നു. കൃഷ്ണലാലിന്റെ അമ്മ കോമളവല്ലി സ്കൂളിലെ ഹിന്ദി അധ്യാപികയായിരുന്നു. പിന്നീട് കൃഷ്ണലാലും ഭാര്യ സുജാതയും ഇതേ സ്കൂളിൽ അധ്യാപകരായി എത്തി.
also read- അമ്മ പകുത്ത് നൽകിയ വൃക്കയുമായി സ്‌കൂളിലേക്ക്; ഷാരോണിന് കൂട്ടായി ഡോക്ടറും സംഘവുമെത്തി
ബുധനാഴ്ചത്തെ സ്കൂളിലെ പ്രവേശനോത്സവവും കുട്ടികളുടെ രജിസ്ട്രേഷൻ നടപടികളുമെല്ലാം പുതിയ പ്രധാനാധ്യാപിക സുജാതയുടെ നേതൃത്വത്തിലായിരുന്നു.