മൂന്നാർ: പ്രണയ വഞ്ചനയെ തുടർന്ന് സ്‌കൂൾ വനിതാ കൗൺസലർ ഷീബാ ഏയ്ഞ്ചൽ റാണി ആത്മഹത്യചെയ്ത സംഭവത്തിൽ ആരോപണവിധേയനായ പോലീസുകാരനെ സർവീസിൽനിന്ന് പിരിച്ചുവിട്ടു. ശാന്തൻപാറ സ്റ്റേഷനിലെ സിപിഒ ആയിരുന്ന കൊന്നത്തടി സ്വദേശി ശ്യാംകുമാർ(32)നെയാണ് പിരിച്ചുവിട്ടത്. ആരോപണത്തെ തുടർന്ന് ഇയാൾ സസ്പെൻഷനിലായിരുന്നു. പോലീസുകാരനെതിരേ യുവതിയുടെ അച്ഛൻ 2017-ൽ തന്നെ പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് അന്ന് ഇയാളെ മൂന്നാർ സ്റ്റേഷനിൽനിന്ന് സ്ഥലംമാറ്റിയിരുന്നു. പിന്നീടാണ് നടപടി ഉണ്ടായത്.
ശ്യാംകുമാർ ഇയാൾ വിവാഹ വാഗ്ദാനം നൽകി കബളിപ്പിച്ചതിന്റെ മനോവിഷമത്തിലാണ് കൗൺസലർ ഷീബ ആത്മഹത്യചെയ്തതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ജില്ലാ പോലീസ് മേധാവി ആർ കറുപ്പസ്വാമിയാണ് ഇയാളെ പിരിച്ചുവിട്ടുകൊണ്ട് ഉത്തരവിട്ടത്.
നല്ലതണ്ണി റോഡിൽ താമസിച്ചിരുന്ന ഷീബാ ഏയ്ഞ്ചൽ റാണി എന്ന സ്വപ്‌ന(27)യെ ജനുവരി ഒന്നിനാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മൂന്നാർ സ്റ്റേഷനിൽ മുൻപ് ജോലി ചെയ്തിരുന്ന ശ്യാംകുമാർ ഷീബയുമായി വർഷങ്ങളായി പ്രണയത്തിലായിരുന്നു. ഇരുവരും ഏറെക്കാലം ഒരുമിച്ച് ജീവിക്കുകയും ചെയ്തു. ഭാര്യയുമായി പിരിഞ്ഞുതാമസിക്കുകയാണെന്നും വിവാഹമോചനം ലഭിച്ചാലുടൻ വിവാഹം ചെയ്യാമെന്നും യുവതിക്ക് വാഗ്ദാനം നൽകിയിരുന്നു.
വിവാഹിതനും ഒരു കുട്ടിയുടെ അച്ഛനുമായ ശ്യാം എന്നാൽ ഇക്കാലയളവിലും ഭാര്യയ്ക്കൊപ്പവും ജീവിക്കുകയായിരുന്നു. ഇത് ഏറെ വൈകിയാണ് ഷീബ തിരിച്ചറിഞ്ഞത്. തുടർന്ന് വഞ്ചിക്കപ്പെട്ടതിന്റെ മനോവിഷമത്തിൽ യുവതി ജീവനൊടുക്കുകയായിരുന്നു എന്നാണ് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്.
also read- ഉണർവ്വിനും ഉന്മേഷത്തിനും സപ്ലൈകോ ശബരി ടീ
യുവതിയുടെ മരണത്തിന് പിന്നാലെ ഇവരുടെ അച്ഛൻ പരാതിയുമായി രംഗത്തെത്തിയിരുന്നു. തുടർന്ന് നർക്കോട്ടിക് ഡിവൈഎസ്പി എജി ലാലാണ് ആദ്യം അന്വേഷണം നടത്തിയത്. അദ്ദേഹത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജനുവരി എട്ടിന് ശ്യാംകുമാറിനെ സസ്പെൻഡ് ചെയ്തു. തുടർന്ന് ജില്ലാ ഡിസിആർബി ഡിവൈഎസ്പി തോമസ് സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിലും ഇയാൾ കുറ്റക്കാരനാണെന്ന് കണ്ടെത്തി.
ഭാര്യയും കുട്ടിയുമുള്ള ശ്യാംകുമാർ ഇക്കാര്യം മറച്ചുവെച്ച് വിവാഹ വാഗ്ദാനം നൽകിയതും വഞ്ചിക്കപ്പെട്ട് യുവതി ആത്മഹത്യ ചെയ്തതും പോലീസ് സേനയ്ക്ക് കളങ്കമായെന്നാണ് റിപ്പോർട്ട്.