നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയത്തെ കേരളം ഒറ്റക്കെട്ടായി നേരിട്ടത് അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. പ്രളയവും പുനര്‍ നിര്‍മാണവും ഓര്‍മിപ്പിച്ചു കൊണ്ടാണ് ഇത്തവണ മുഖ്യമന്ത്രിയുടെ പുതുവത്സരാശംസകള്‍.
പുനര്‍ നിര്‍മാണം എന്നാല്‍ ഭൗതിക തലത്തില്‍ മാത്രമല്ല മാനസിക തലത്തിലും കൂടിയാണ് നടക്കേണ്ടത്. നവോത്ഥാനത്തിന്റെയും, തുല്യതയുടെയും, മാനുഷിക മൂല്യങ്ങള്‍ കൊണ്ട് സമൂഹ മനസ്സാക്ഷിയെ പുതുക്കി പണിയുന്നതാവണം പുതുവര്‍ഷമെന്നും ആശംസ കാര്‍ഡില്‍ മുഖ്യമന്ത്രി ഓര്‍മിപ്പിക്കുന്നു.
ലോകമെമ്പാടുമുള്ള എല്ലാ പ്രമുഖ കേരളീയര്‍ക്കും ഇ- മെയില്‍ വഴി മുഖ്യമന്ത്രി പുതുവല്‍സരാശംസ അറിയിച്ചിട്ടുണ്ട്. പ്രശസ്ത ഡിസൈനറായ സൈനുല്‍ ആബിദ് ആണ് ‘അതിജീവനം- അത് ഒന്നേ മുന്നില്‍’ എന്ന തലക്കെട്ടോടെ ആശംസ കാര്‍ഡ് രൂപ കല്‍പ്പന ചെയ്തിരിക്കുന്നത്.
”മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് എന്നോട് ഒരു ആശംസ കാര്‍ഡ് തയ്യാറാക്കാമോ എന്ന് ചോദിച്ചിരുന്നു, ആദ്യം ചെയ്ത ഒന്ന് രണ്ടു ഡിസൈനുകളില്‍ അവര്‍ക്ക് വേണ്ടത്ര തൃപ്തി കിട്ടിയില്ല. ഇതുമായി ബന്ധപ്പെട്ട് അവര്‍ കുറച്ച് ഇമേജസ് തന്നിരുന്നു.
അങ്ങനെ ആലോചിച്ചപ്പോള്‍ ആണ് ലോകത്ത് നടന്ന എല്ലാ പ്രകൃതി ദുരന്തങ്ങളെയും അഡ്ഡ്രസ്സ് ചെയ്യുന്ന ഒരു കോമണ്‍ ഇമേജ് ഉണ്ടാകും. ഭോപ്പാല്‍ ദുരന്തത്തിലെ കുട്ടി, സുനാമിയില്‍ ആണെങ്കില്‍ പുലിറ്റ്സര്‍ പുരസ്കാരം കിട്ടിയ ചിത്രം അങ്ങനെ ഒരുപാട് ഉദാഹരണങ്ങളുണ്ട്.
നമ്മുടെ സമൂഹം പ്രകൃതി ക്ഷോഭങ്ങള്‍ ഒട്ടും അനുഭവിച്ചിട്ടില്ലാത്ത ഒരു ജനതയാണ്. ഇക്കഴിഞ്ഞ പ്രളയ കാലത്തെ വിവിധ ചിത്രങ്ങള്‍ പരിശോദിച്ചാല്‍ ഏറ്റവും ശ്രദ്ധ നേടിയത് ചെറുതോണി പാലത്തിന് മുകളിലൂടെ വെള്ളം ഒഴുകുന്നതിന് മുന്‍പ് കുഞ്ഞിനേയും കൊണ്ട് ഓടുന്ന പോലീസുകാരന്റെ ചിത്രമാണ്. ഈ ചിത്രം ആണ് ഏറ്റവും ആപ്റ്റ് ആയ ഒന്ന് എന്ന ചിന്തയില്‍ നിന്നാണ് ഈ ഡിസൈന്‍ രൂപപ്പെടുന്നത്.
നാം ഒറ്റക്കെട്ടായി ആണല്ലോ പ്രളയത്തെ നേരിട്ടത്. അതിനെ സൂചിപ്പിക്കാന്‍ ആണ് രണ്ടു കൈകള്‍ ചേര്‍ത്ത് പിടിക്കുന്ന ചിത്രം ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആശംസ കാര്‍ഡുകള്‍ കണ്ടവര്‍ എല്ലാം നല്ല അഭിപ്രായം ആണ് ഇത് വരെ പങ്കു വെച്ചത്.” സൈനുല്‍ ആബിദ് അഴിമുഖത്തോട് പറഞ്ഞു.
Discussion about this post