കൊച്ചി: സ്വവര്‍ഗാനുരാഗികളായ പെണ്‍കുട്ടികള്‍ക്ക് ഒന്നിച്ചുജീവിക്കാന്‍ ഹൈക്കോടതി അനുമതി. ബന്ധുക്കള്‍ പിടിച്ചുകൊണ്ടുപോയ കോഴിക്കോട് സ്വദേശിനി നൂറയെ പങ്കാളിക്കൊപ്പം വിട്ടു. ആലുവ സ്വദേശി ആദില സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ് ഹര്‍ജിയിലാണ് നടപടി.
കോടതി അതിവേഗം ഹര്‍ജി പരിഗണിച്ചു, ജഡ്ജിയുടെ ചേമ്പറില്‍ തന്നെ നൂറയെ എത്തിക്കാന്‍ ഉത്തരവിടുകയായിരുന്നു. പ്രായപൂര്‍ത്തിയായ ഇരുവരെയും ഒന്നിച്ചു ജീവിക്കാന്‍ കോടതി അനുമതി നല്‍കുകയായിരുന്നു.
തടഞ്ഞ് വച്ചിരിക്കുന്ന പങ്കാളിയെ മോചിപ്പിച്ച് ഒന്നിച്ച് ജീവിക്കാന്‍ അനുവദിക്കണം എന്നാവശ്യപ്പട്ട് ആലുവ സ്വദേശിയായ ആദില നസ്‌റിനാണ് നിയമസഹായം തേടി കോടതിയെ സമീപിച്ചത്. തനിക്കൊപ്പം താമസിക്കാന്‍ താല്‍പ്പര്യപ്പെട്ട് വീടുവിട്ടിറങ്ങിയ പങ്കാളിയെ വീട്ടുകാര്‍ ബലമായി പിടിച്ചുകൊണ്ടുപോയി തടവില്‍ ഇട്ടിരിക്കുന്നെന്നായിരുന്നു ആദിലയുടെ പരാതി.
ആലുവയിലെ ബന്ധുവിന്റെ വീട്ടിലായിരുന്നു പങ്കാളിയായ കോഴിക്കോട് സ്വദേശിനിയായ യുവതിയ്‌ക്കൊപ്പം ആദില നസ്‌റിന്‍ താമസിച്ചിരുന്നത്. ആറ് ദിവസം മുമ്പ് പങ്കാളിയുടെ അമ്മയും ബന്ധുക്കളും ആലുവയിലെ വീട്ടിലെത്തി ബലംപ്രയോഗിച്ച് പങ്കാളിയെ തട്ടിക്കൊണ്ട് പോയെന്ന് ആദില പറയുന്നു. ഇതിന് തന്റെ ബന്ധുക്കളും കൂട്ടുനിന്നുവെന്നും പെണ്‍കുട്ടി ആരോപിക്കുന്നു.
സൗദി അറേബ്യയിലെ സ്‌കൂള്‍ പഠനത്തിനിടെയാണ് ആലുവ സ്വദേശിയായ ആദില നസ്‌റിന്‍ തമരശ്ശേരി സ്വദേശിയായ 23 കാരിയുമായിയുമായി പ്രണയത്തിലാകുന്നത്. ഇരുവരുടെയും പ്രണയം വീട്ടുകാര്‍ അറിഞ്ഞതോടെ എതിര്‍പ്പായി. തുടര്‍ന്ന് കേരളത്തില്‍ എത്തിയതിന് ശേഷവും ഇരുവരും തമ്മില്‍ പ്രണയം തുടര്‍ന്നു. പിന്നീട് ഒന്നിച്ച് ജീവിക്കാന്‍ തീരുമാനിച്ചു. കോഴിക്കോട് ഇരുവരും പിന്നീട് ഒന്നിച്ചു. കോഴിക്കോട് ഒരു സംരക്ഷണ കേന്ദ്രത്തിലായിരുന്നു ഇരുവരും. ഇവിടെ തമരശ്ശേരി സ്വദേശിയായ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ എത്തി ബഹളം വച്ചപ്പോള്‍ പൊലീസ് ഇടപെട്ടു. പിന്നീട് ആദിലയുടെ രക്ഷകര്‍ത്താക്കള്‍ ഇരുവരെയും ആലുവയിലെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു.
പെട്ടന്നൊരു ദിവസം താമരശേരിയില്‍ നിന്ന് ബന്ധുക്കളെത്തി പങ്കാളിയെ ബലമായി പിടിച്ചുകൊണ്ടുപോയി എന്നാണ് ആദില പറയുന്നത്. പ്രായപൂര്‍ത്തിയായവര്‍ എന്ന നിലയില്‍ രണ്ടുപേര്‍ക്കും ഒന്നിച്ച് ജീവിക്കാന്‍ അവകാശമുണ്ടെന്നും. നിയമ സംവിധാനത്തിലൂടെ പൊലീസും കോടതിയും ഇടപെടണമെന്നാണ് ആദില പറയുന്നത്. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ രാജ്യത്ത് നിയമ വ്യവസ്ഥ അനുസരിച്ച് ഇരുവരെയും സ്വതന്ത്രമായി ഒന്നിച്ച് ജീവിക്കാന്‍ അനുവദിക്കണമെന്ന നിലപാടിലാണ് ആദില.