മലപ്പുറം: ഇത്തവണത്തെ സിവിൽ സർവീസസ് പരീക്ഷാഫലം വന്നപ്പോൾ പെൺകുട്ടികളുടെ തേരോട്ടമാണ് കാണാനാവുന്നത്. മലപ്പുറത്തിനുമുണ്ട് സിവിൽസർവീസസിൽ പറയാൻ ഒരു പെൺ പെരുമ. മലപ്പുറത്തിനടുത്ത് മുണ്ടുപറമ്പ് കാവുങ്ങൽ ബൈപാസിലെ പാർവണം വീട്ടിൽ അപർണ ജില്ലയിലെ ആദ്യറാങ്കുകാരിയായി. 475-ാം റാങ്കാണ് അപർണയ്ക്ക് ലഭിച്ചത്.
ഡോക്ടറായ അപർണ 2020 ജൂണിലാണ് സിവിൽ സർവിസിനുള്ള ഒരുക്കം തുടങ്ങിയത്. ആദ്യശ്രമത്തിൽ സ്വപ്നം തന്നെ നേടാനായതിന്റെ സന്തോഷത്തിലാണ് അപർണയും കുടുംബവും. പാലക്കാട് ഗവൺമെന്റ് മെഡിക്കൽ കോളജിൽ നിന്നാണ് എംബിബിഎസ് ബിരുദം പൂർത്തിയാക്കിയത്. ശേഷം ഡൽഹിയിലെ സിവിൽ സർവിസ് പരിശീലന കേന്ദ്രത്തിന് കീഴിൽ ഓൺലൈനായി പഠിക്കുകയായിരുന്നു തുടക്കത്തിൽ. പിന്നീട് പഠനം തിരുവനന്തപുരത്തേക്ക് മാറ്റി. തിരുവനന്തപുരത്തായിരുന്നു അഭിമുഖ പരിശീലനം പൂർത്തിയാക്കിയത്. ഐലേൺ ഐഎഎസ് അക്കാദമിയിലെ പരിശീലനത്തിലൂടെ ആദ്യത്തെ ശ്രമത്തിൽ തന്നെ സിവിൽ സർവീസസ് സ്വന്തവുമായി.
പോലീസ് സബ് ഇൻസ്‌പെക്ടറാണ് അച്ഛൻ അനിൽകുമാർ. അദ്ദേഹമാണ് ഹൈസ്‌കൂൾ പഠനകാലത്ത് സിവിൽ സർവിസ് സ്വപ്നത്തിലേക്ക് വഴിതിരിച്ചുവിട്ടതെന്ന് അപർണ പറഞ്ഞു. ഒതുക്കുങ്ങൽ ഹൈസ്‌കൂളിൽ സോഷ്യൽ സയൻസ് അധ്യാപികയായ അമ്മ കെ ഷീബയും എല്ലാ പിന്തുണയുമായി കൂടെയുണ്ടായിരുന്നു. ഒന്നാം ക്ലാസ് മുതൽ പത്ത് വരെ എംഎസ്പി ഇംഗ്ലീഷ് മീഡിയത്തിലായിരുന്നു പഠനം. പ്ലസ്ടു പഠന ശേഷം എംബിബിഎസ് പൂർത്തിയാക്കിയാണ് സിവിൽ സർവിസിനെക്കുറിച്ച് കാര്യമായി ചിന്തിച്ച് തുടങ്ങിയത്.
2020 ജൂൺ മുതലായിരുന്നു പരിശീലനം. ഓപ്ഷണൽ വിഷയമായി സോഷ്യോളജിയാണ് എടുത്തത്. പുസ്തക വായനയിൽ അത്രയധികം തൽപരയല്ലെങ്കിലും പഠനത്തിന്റെ ഭാഗമായി വായന ശീലമാക്കിയിരുന്നതായി അപർണ പറയുന്നു. സഞ്ചാര സാഹിത്യമായിരുന്നു പ്രത്യേകിച്ച് വായിച്ചത്.
അനിയത്തി മാളവിക ഡൽഹി യൂണിവേഴ്‌സിറ്റിയിൽ ബിഎസ്‌സി കെമിസ്ട്രി പഠിക്കുകയാണ്. തിരുവനന്തപുരത്തുള്ള അപർണ വീട്ടിലെത്തിയിട്ടുവേണം ആഘഓഷം ഗംഭീരമാക്കാനെന്നാണ് സുഹൃത്തുക്കളും ബന്ധുക്കളും പറയുന്നത്.