തിരുവനന്തപുരം: വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച പരിപാടിയുടെ ഭാഗമായി വാളും ആയുധങ്ങളുമേന്തി പൊതുനിരത്തിലിറങ്ങിയ സംഭവത്തിൽ വനിതാ പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു.മതവിദ്വേഷം വളർത്തുന്ന രീതിയിൽ പരിപാടി സംഘടിപ്പിച്ചുവെന്ന പേരിലാണ് കേസ് എടുത്തത്. കീഴാരൂരിൽ കഴിഞ്ഞയാഴ്ചയാണ് സംഭവം നടന്നത്.
ആര്യൻകോട് പോലീസ് കണ്ടാലറിയാവുന്ന 200ഓളം വനിതാ പ്രവർത്തകർക്കെതിരെയാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്. നവമാധ്യമങ്ങളിലൂടെ ദൃശ്യങ്ങൾ പുറത്തു വന്നതിനെ തുടർന്ന് പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. വി.എച്ച്.പി. സംഘടിപ്പിച്ച വിദ്യാവാഹിനി പഠനശിബിരത്തിനോട് അനുബന്ധിച്ച് നടന്ന ഘോഷയാത്രയിലായിരുന്നു പ്രവർത്തകർ ആയുധങ്ങൾ കൈയ്യിലേന്തി പൊതുനിരത്തിൽ ഇറങ്ങിയത്. വീഡിയോ വൈറലായതോടെ വൻ വിമർശനങ്ങൾ ഉയർന്നിരുന്നു.
വാളല്ല, കൈയ്യിൽ ബുക്കുകൾ നൽകൂവെന്നാണ് സംഭവത്തിൽ ഹരീഷ് ശിവരാമകൃഷ്ണൻ പ്രതികരിച്ചിരുന്നു. മനുഷ്യനായി ജീവിക്കാൻ പറഞ്ഞുകൊടുക്കടോ എന്നും അദ്ദേഹം പറഞ്ഞിരുന്നു. വിശ്വഹിന്ദു പരിഷത്തിന്റ ദുർഗാവാഹിനിയുടെ നേതൃത്വത്തിലാണ് കീഴാരൂരിൽ ഒരാഴ്ച നീണ്ട പഠനശിബിരം സംഘടിപ്പിച്ചത്. കഴിഞ്ഞ 15ന് ആരംഭിച്ച വിദ്യാവാഹിനി എന്ന പേരിലെ പഠനശിബിരം 22ന് സമാപിക്കുകയായിരുന്നു.