വളയം: വീടില്ലാത്ത സഹപാഠിക്ക് സ്‌നേഹവീടൊരുക്കി നല്‍കി വിദ്യാര്‍ഥിക്കൂട്ടായ്മ.
വളയം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ 1994-95 വര്‍ഷത്തെ എസ്എസ്എല്‍സി ബാച്ച് വാട്‌സാപ്പ് കൂട്ടായ്മയാണ് വളയം സ്വദേശി ഒന്തംപറമ്പത്ത് ദിനേശന് വീട് നിര്‍മിച്ചുനല്‍കിയത്.
ബാച്ച് രണ്ടുവര്‍ഷം മുന്നേ പൂര്‍വവിദ്യാര്‍ഥി സംഗമം സംഘടിപ്പിക്കാന്‍ തീരുമാനിച്ചെങ്കിലും അപ്രതീക്ഷിതമായി ലോക്ഡൗണ്‍ വന്നതോടെ അത് മുടങ്ങി. എന്നാല്‍, കൊറോണക്കാലത്ത് സമൂഹസേവനരംഗത്ത് കൂട്ടായ്മ സജീവമായിരുന്നു.
ഇതിനിടെയാണ് കൂട്ടായ്മയിലെ നിറസാന്നിധ്യമായ വളയം സ്വദേശി ഒന്തംപറമ്പത്ത് ദിനേശന് വീടില്ലെന്ന കാര്യം ഇവര്‍ക്ക് മനസ്സിലായത്. ഇതോടെ ദിനേശനെ സഹായിക്കാന്‍ സുഹൃത്തുക്കള്‍ രംഗത്തുവരികയായിരുന്നു. കൂട്ടായ്മയിലെ ഓരോ അംഗങ്ങളും തങ്ങളാല്‍ കഴിയുന്ന തുക സ്വരൂപിച്ച് വീട് നിര്‍മാണം ആരംഭിക്കുകയായിരുന്നു.
Read Also: വിഷു ബമ്പര്‍: 10 കോടിയുടെ ഭാഗ്യം തേടിയെത്തിയത് ഡോക്ടറെയും ബന്ധുവിനെയും
ചില ഉദാരമതികളുടെ സഹായം കൂടിയായതോടെ വീടുനിര്‍മാണം പൂര്‍ത്തിയായി. തുടര്‍ന്ന് ഞായറാഴ്ച സഹപാഠികളുടെ സാന്നിധ്യത്തില്‍ ദിനേശനും കുടുംബവും പുതിയവീട്ടില്‍ പാലുകാച്ചല്‍ നടത്തി താമസം തുടങ്ങി. വിദ്യാര്‍ഥിക്കൂട്ടായ്മയിലെ അംഗങ്ങളായ എ.കെ. ബിജിഷ, അജിന അമ്പാടി, പ്രമോദ് കൂട്ടായി, വി.പി. പവിത്രന്‍, കെ.കെ. നികേഷ്, പ്രസാദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.