അബുദാബി: മുത്തലാഖ് ബില്ല് വോട്ടെടുപ്പില്‍ പങ്കെടുത്തില്ലെന്ന വിവാദത്തില്‍ പ്രതികരണവുമായി മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി എംപി രംഗത്ത്. മുത്തലാഖ് ബില്ലിലുള്ള വോട്ടെടുപ്പില്‍ താന്‍ ഹാജരായില്ലെന്നതുമായി ബന്ധപ്പെട്ട് ചില തല്‍പര കക്ഷികള്‍ പ്രചരണം നടത്തുന്നുണ്ട്. ഇത് വസ്തുതാപരമായി ശരിയല്ലെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മുത്തലാഖ് ബില്‍ രണ്ടാം വട്ടം ലോക്സഭയില്‍ വരുമ്പോള്‍ ചര്‍ച്ചക്കു ശേഷം സഭ ബഹിഷ്‌കരിക്കുക എന്നാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള കക്ഷികള്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍, ചില കക്ഷികള്‍ വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ പൊടുന്നനെ തീരുമാനിച്ചപ്പോള്‍, മുസ്ലിം ലീഗും പ്രതിഷേധ വോട്ട് ചെയ്യുന്നതാണ് നല്ലത് എന്ന് അപ്പോള്‍ത്തന്നെ താനും ഇടി മുഹമ്മദ് ബഷീര്‍ എംപിയും കൂടിയാലോചിച്ചു തീരുമാനിച്ചു. അദ്ദേഹം അത് നിര്‍വഹിക്കുകയും ചെയ്തു. എന്നാല്‍ തനിക്ക് പാര്‍ട്ടിപരമായും വിദേശയാത്രാപരമായും അത്യാവശ്യം ഉളളതിനാലാണ് പാര്‍ലമെന്റില്‍ താന്‍ ഹാജരാവാതിരുന്നത്. വസ്തുത ഇതായിരിക്കെ, കുപ്രചാരണമാണ് ചില കേന്ദ്രങ്ങള്‍ നടത്തുന്നതെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
പെട്ടെന്ന് എടുത്ത തീരുമാനമായതിനാലാണ് എതിര്‍ത്ത് വോട്ട് ചെയ്യാന്‍ 11 പേര്‍ മാത്രം ഉണ്ടായത്. പൂര്‍ണമായ നിലക്കുള്ള വോട്ടെടുപ്പല്ല അവിടെ നടന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
മുസ്ലീം സമുദായത്തിന്റെ എതിര്‍പ്പ് വ്യക്തമാക്കാന്‍ കിട്ടിയ അവസരം കുഞ്ഞാലിക്കുട്ടി കളഞ്ഞുവെന്ന് ഇകെ സുന്നി വിഭാഗത്തില്‍ നിന്ന് ഉയര്‍ന്നിരുന്നു. സമുദായ താല്‍പര്യം സംരക്ഷിക്കാന്‍ കഴിയാത്ത എംപിയുടെ രാജി ആവശ്യപ്പെടാന്‍ മുസ്ലീം ലീഗ് തയ്യാറാവണമെന്ന് കെടി ജലീല്‍ ആവശ്യപ്പെട്ടതോടെയാണ് വിവാദം കനത്തത്.