തൃശൂര്‍: ഗുരുവായൂരില്‍ പ്രവാസി സ്വര്‍ണ വ്യാപാരിയുടെ വീട് കുത്തിത്തുറന്ന് മൂന്ന് കിലോ സ്വര്‍ണവും രണ്ടുലക്ഷം രൂപയും കവര്‍ന്ന കേസിലെ പ്രതി ഡല്‍ഹിയില്‍ പിടിയില്‍. എടപ്പാളില്‍ താമസിച്ചിരുന്ന തമിഴ്നാട് സ്വദേശി ധര്‍മ്മരാജാണ് പിടിയിലായത്. വിമാനമാര്‍ഗം പ്രതിയെ ഗുരുവായൂരിലെത്തിച്ച് തെളിവെടുത്തു.
ഗള്‍ഫില്‍ സ്വര്‍ണ വ്യാപാരം നടത്തുന്ന ആനക്കോട്ട റോഡില്‍ തമ്പുരാന്‍പടി കുരഞ്ഞിയൂര്‍ വീട്ടില്‍ കെവി ബാലന്റെ വീട്ടിലായിരുന്നു കവര്‍ച്ച. മെയ് 12 വ്യാഴാഴ്ച രാത്രി ഏഴരയ്ക്കും എട്ടരയ്ക്കുമിടയിലാണ് കവര്‍ച്ച നടന്നത്. സിസിടിവി ക്യാമറകള്‍ കേന്ദ്രീകരിച്ചായിരുന്നു പോലീസിന്റെ അന്വേഷണം. പ്രതിയുടെ ദൃശ്യം സിസിടിവിയില്‍ പതിഞ്ഞിരുന്നു.
2.67 കിലോ സ്വര്‍ണവും 2 ലക്ഷം രൂപയുമാണ് മോഷണം പോയത്. സ്വര്‍ണത്തിന് ഏകദേശം 1.4 കോടി രൂപ വില വരും. ഒരുകിലോ തൂക്കമുള്ള രണ്ട് സ്വര്‍ണക്കട്ടി, 120 ഗ്രാം, 100 ഗ്രാം തൂക്കമുള്ള മൂന്ന് സ്വര്‍ണക്കട്ടി, 40 പവന് വരുന്ന സ്വര്‍ണാഭരണം എന്നിവ മോഷണം പോയിരുന്നു.
വീടിന്റെ മതില് ചാടിയ ശേഷം, പിന്‍വശത്തെ ഇരുമ്പുഗോവണി വഴി ബാല്‍ക്കണിയിലെത്തി, വാതില്‍ കുത്തിത്തുറന്ന് മോഷ്ടാവ് അകത്തുകടന്നുവെന്നാണ് പോലീസ് പറയുന്നത്. താഴത്തെ മുറിയിലെ അലമാരയുടെ ലോക്കര്‍ കുത്തിത്തുറന്നാണ് സ്വര്‍ണവും പണവും കവര്‍ന്നത്. മുകളിലെ നാല് മുറികളിലും അലമാരകളുണ്ടെങ്കിലും അവ തുറന്നില്ല.
അജ്മാനില്‍ ജയ ജൂവലറി ഉടമയാണ് ബാലന്. മെയ് 12-ന് ഉച്ചയ്ക്ക് വീട്ടുകാരോടൊപ്പം തൃശ്ശൂരില്‍ സിനിമയ്ക്ക് പോയതായിരുന്നു. വീട്ടുപറമ്പിലെ തൊഴിലാളികള്‍ വൈകീട്ട് അഞ്ചരയോടെ പോകുകയും ചെയ്തു. സിനിമ കഴിഞ്ഞ് ബാലനും കുടുംബവും വീട്ടിലെത്തുമ്പോള്‍ രാത്രി 9.30 ആയി.
ഈ സമയം മുന്നിലെ വലിയ ഗേറ്റിനോടു ചേര്‍ന്നുള്ള ചെറിയ ഗേറ്റ് തുറന്നുകിടന്നിരുന്നു. പുറത്തെ കുളിമുറിയുടെ പിന്നില്‍ രാത്രിയില്‍ മുഴുവന്‍ നേരവും ഓണ്‍ചെയ്ത് ഇടാറുള്ള ബള്‍ബ് ഊരി മാറ്റിയ നിലയിലായിരുന്നു. തെക്കേമതിലിന്റെ മുകളില്‍ നിന്ന് അകത്തേക്ക് മോഷ്ടാവ് ചാടിയിറങ്ങിയതിന്റെ അടയാളമുണ്ട്. വീട്ടില്‍ നായ ഉണ്ടായിരുന്നെങ്കിലും തുറന്നുവിട്ടിരുന്നില്ല.
Discussion about this post