തിരൂരങ്ങാടി യത്തീംഖാനയിലെ പൂർവ്വ വിദ്യാർത്ഥി സംഗമവേദിയിലേക്ക് ഷൈജലെത്തി; കൂട്ടുകാർ വിളിച്ചിട്ടും കണ്ണുകൾ തുറക്കാതെ; കണ്ണീരായി മരിച്ച സൈനികന്റെ അന്ത്യയാത്ര

തിരൂരങ്ങാടി: മുൻകൂട്ടി നിശ്ചയിച്ച പൂർവ വിദ്യാർഥി സംഗമത്തിനായി തിരൂരങ്ങാടി യത്തീംഖാനയിലെത്തി ചേർന്ന സഹപാഠികളുടെ സമീപത്തേക്ക് എത്തിയത് പ്രിയസുഹൃത്തിന്റെ ചേതനയറ്റ ശരീരം. വർഷങ്ങൾക്കുമുൻപ് ഒരുമിച്ച് പഠിച്ചവർ ഒരുവട്ടം കൂടി ഒന്നുകാണാനായി ഒത്തുചേർന്നത് തീരാനോവിലേക്കാകുമെന്ന് ആരും കരുതിയില്ല.

തിരൂരങ്ങാടി യത്തീംഖാനയിൽ മുൻനിശ്ചയിച്ച പൂർവവിദ്യാർഥി കുടുംബസംഗമം അന്ത്യയാത്രാ ചടങ്ങായി മാറുകയായിരുന്നു. 1993-കാലത്താണ് മുഹമ്മദ് ഷൈജൽ യത്തീംഖാനയിൽ എത്തിയത്. തിരൂരങ്ങാടി യത്തീംഖാനയ്ക്ക് കീഴിലെ ഓറിയന്റൽ ഹയർസെക്കൻഡറി സ്‌കൂളിലായിരുന്നു ഷൈജലിന്റെ ഹൈസ്‌കൂൾ പഠനം.

ഞായറാഴ്ച രാവിലെ 10.30-ഓടെയാണ് ഷൈജലിന്റെ ഭൗതികശരീരം യത്തീംഖാനയിൽ എത്തിയത്. കരിപ്പൂർ വിമാനത്താവളത്തിൽനിന്ന് സൈനിക അകമ്പടിയിൽ തിരൂരങ്ങാടി യത്തീംഖാനയിൽ മൃതശരീരം എത്തിക്കുകയായിരുന്നു. സഹപാഠികളും അധ്യാപകരും പൊതുജനങ്ങളുമടക്കം നിരവധിപേർ അന്തിമോപചാരം അർപ്പിക്കാനെത്തി. യത്തീംഖാന മൈതാനത്ത് നടന്ന മയ്യിത്ത് നിസ്‌കാരത്തിലും സ്ത്രീകളടക്കം ആയിരങ്ങൾ പങ്കെടുത്തു.

സിപി ഉമർ സുല്ലമി മയ്യിത്ത് നിസ്‌കാരത്തിന് നേതൃത്വംനൽകി. മയ്യിത്ത് നമസ്‌കാരത്തിനുശേഷം മൃതദേഹം സ്വദേശമായ പരപ്പനങ്ങാടിയിലേക്ക് കൊണ്ടുപോയി. യത്തീംഖാന പൂർവിദ്യാർഥികൾ പിഎസ്എംഒ കോളേജിൽ ഒത്തുകൂടി അനുശോചനയോഗം നടത്തി.
ALSO READ- എന്റെ സ്വന്തം! ഗോപി സുന്ദറിന് പിറന്നാൾ ആശംസകൾ നേർന്ന് അമൃത സുരേഷ്

ഇടി മുഹമ്മദ് ബഷീർ എംപി, കെപിഎ മജീദ് എംഎൽഎ, നഗരസഭാധ്യക്ഷൻ കെപി മുഹമ്മദ്കുട്ടി, കളക്ടർ വിആർ പ്രേംകുമാർ, തഹസിൽദാർ പിഒ സാദിഖ്, ഡോ. ഹുസൈൻ മടവൂർ, പിഎംഎ സലാം, എകെ ബാവ തുടങ്ങിയവരും യത്തീംഖാനയിൽ എത്തി അന്ത്യോപചാരം അർപ്പിച്ചു.

Exit mobile version