ആറന്മുള: ഹജ്ജിന് പോകാന്‍ ആവശ്യമായ പണത്തിനായി വില്‍ക്കാന്‍ നിശ്ചയിച്ച സ്ഥലം ഭൂരഹിതരായവര്‍ക്ക് വീട് വെക്കാന്‍ വിട്ടുനല്‍കി ദമ്പതികള്‍. ആറന്മുള വല്ലന സ്വദേശികളായ ഹനീഫയും ഭാര്യ ജാസ്മിനുമാണ് നന്മയിലൂടെ മാതൃകയായിരിക്കുന്നത്. ദമ്പതികളില്‍ നിന്ന് സര്‍ക്കാര്‍ സമ്മതപത്രം ഏറ്റുവാങ്ങി.
സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് ഭൂരഹിത ഭവനരഹിതരുടെ പുനരധിവാസത്തിനായി ‘മനസ്സോടിത്തിരി മണ്ണ്’ എന്ന ക്യാമ്പയിനിന്റെ ഭാഗമായി ആകെയുള്ള 78 സെന്റില്‍ 28 സെന്റ് സ്ഥലമാണ് കുടുംബം ലൈഫ് മിഷന് വേണ്ടി വിട്ടുനല്‍കിയത്.
ഹനീഫയുടെ വീട്ടിലെത്തി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് സമ്മതപത്രം ഏറ്റുവാങ്ങി. മകന്‍ നിസാമും അടൂര്‍ താലൂക്ക് ആശുപത്രിയില്‍ താല്‍ക്കാലിക ജീവനക്കാരിയായ മകള്‍ നിസയും മാതാപിതാക്കളുടെ ആഗ്രഹത്തെ പിന്തുണച്ചു. കണ്ണുകള്‍ നിറഞ്ഞ നിമിഷങ്ങളായിരുന്നു ഹനീഫയും ജാസ്മിനും സമ്മതപത്രം നല്‍കിയപ്പോഴെന്ന് മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
ദമ്പതികളെ അഭിനന്ദിച്ച് തദ്ദേശ വകുപ്പ് മന്ത്രി എംവി ഗോവിന്ദന്‍ മാസ്റ്ററും രംഗത്തെത്തി. മാനവികതയുടെ മഹാ മാതൃക തീര്‍ത്ത ഹനീഫയെയും ജാസ്മിനെയും പോലെയുള്ളവര്‍ സമൂഹത്തിന് മാതൃകയാണെന്നും മന്ത്രി പറഞ്ഞു.