തിരുവനന്തപുരം: ഇന്ദ്രന്‍സിന് മികച്ച നടനുള്ള പുരസ്‌കാരം നിരസിച്ചെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി സിനിമാ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. വിജയ് ബാബുവിനെതിരായ ബലാത്സംഗ പരാതിയും ഹോമിന് അവാര്‍ഡ് കൊടുക്കാത്തതും തമ്മില്‍ ബന്ധമില്ലെന്നും മന്ത്രി പറഞ്ഞു.
എല്ലാ സിനിമകളും കണ്ടു എന്നാണ് ജൂറി പറഞ്ഞത്. മികച്ച നിലയിലെ പരിശോധനയാണ് നടന്നതെന്നും സജി ചെറിയാന്‍ പ്രതികരിച്ചു. ജൂറി ഹോം സിനിമ കണ്ടില്ലെന്ന് ഉറപ്പാണെന്ന ഇന്ദ്രന്‍സിന്റെ പ്രസ്താവനയോടും മന്ത്രി പ്രതികരിച്ചു. ഇന്ദ്രന്‍സിന് തെറ്റിദ്ധാരണതുണ്ടായതാവാം. സിനിമ പൂര്‍ണമായും കണ്ടു. സിനിമ നല്ലതോ മോശമോ എന്നു പറയേണ്ടത് ഞാന്‍ അല്ല. ജൂറിക്ക് പരമാധികാരം കൊടുത്തിതിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
നന്നായി അഭിനയിച്ചവര്‍ക്കല്ലേ കൊടുക്കാന്‍ കഴിയൂ? അവാര്‍ഡ് നിര്‍ണയത്തിനെതിരായ കോണ്‍ഗ്രസ് വിമര്‍ശനത്തിനും സജി ചെറിയാന്‍ മറുപടി നല്‍കി. കോണ്‍ഗ്രസുകാര്‍ നന്നായി അഭിനയിച്ചാല്‍ അടുത്ത വര്‍ഷം പരിഗണിക്കാം. അതിനായി പ്രത്യേക ജൂറിയെ വെക്കാമെന്നും മന്ത്രി പരിഹസിച്ചു.
ഹോം’ എന്ന സിനിമയ്ക്ക് പുരസ്‌കാരങ്ങള്‍ ലഭിക്കാത്തതില്‍ വിഷമമുണ്ടെന്ന് ഇന്ദ്രന്‍സ് പ്രതികരിച്ചിരുന്നു. സിനിമയ്ക്ക് പുരസ്‌കാരം ലഭിക്കുമെന്ന് പറഞ്ഞിരുന്നു. ചിലപ്പോള്‍ ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല. അത് മൂലമാകാം പുരസ്‌കാരം ലഭിക്കാതിരുന്നത് എന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
‘ഹോമിന് അംഗീകാരം കിട്ടുമെന്ന് കരുതിയിരുന്നു. അത് നാട്ടുകാര്‍ മുഴുവന്‍ പറഞ്ഞു കൊതിപ്പിച്ചതാ. ഒരുപാട് കൂട്ടുകാര്‍ പറഞ്ഞിരുന്നു. അങ്ങനെ പ്രതീക്ഷിച്ചിരുന്നു. അതില്‍ ചെറിയ വിഷമമുണ്ട്. എനിക്ക് തോന്നുന്നത് ഹോം ജൂറി കണ്ടു കാണില്ല, കാണാന്‍ അവസരം ഉണ്ടാക്കി കാണില്ല’, ഇന്ദ്രന്‍സ് പറഞ്ഞു. ‘ബലാല്‍സംഗ കേസില്‍ നിര്‍മ്മാതാവ് വിജയ് ബാബു പ്രതി ചേര്‍ക്കപ്പെട്ടത് ഹോം സിനിമ തഴയപ്പെടാന്‍ കാരണമായോ എന്ന ചോദ്യത്തിന് ഒരു കുടുംബത്തിലെ ഒരാള്‍ കുറ്റം ചെയ്താല്‍ കുടുംബത്തിലെ എല്ലാവരെയും പിടിച്ചുകൊണ്ടുപോവുമോ എന്നായിരുന്നു ഇന്ദ്രന്‍സ് പറഞ്ഞത്.
Discussion about this post