കൊയിലാണ്ടി: ഏറെ സ്വപ്‌നം കണ്ട സെക്കന്റ് ഹാന്റ് കാർ വാങ്ങാൻ പോയതായിരുന്നു സുഹൃത്തുക്കളായ ശരത്തും നിജീഷും. എന്നാൽ ആഗ്രഹിച്ച കാറുമായുള്ള യാത്ര അവസാനിച്ചത് തീരാദുരിതത്തിലും. ഇരുവരുടെയും വിയോഗം നാട്ടുകാർക്കും താങ്ങാനാവുന്നതിലും അപ്പുറമായിരുന്നു. എറണാകുളത്ത് പോയി കാറിൽ തിരിച്ചുവരുന്നതിനിടെയുണ്ടായ അപകടത്തിലാണ് ഏച്ചൂരിലെ ശരത്തും തലമുണ്ടയിലെ നിജീഷും മരിച്ചത്.
വ്യാഴാഴ്ച അതിരാവിലെ അഞ്ചിനുള്ള ട്രെയിനിലാണ് മൂന്നുപേരും യാത്ര തിരിച്ചത്. കാറിൽ മടങ്ങവേ, രാത്രി 12.30-നാണ് അപകടം നടന്നത്. ഏച്ചൂർ കേന്ദ്രീകരിച്ച് ട്രാവൽ സർവീസ് നടത്തുന്ന ശരത് ഡി.എം.കെ. ജില്ലാ എക്സിക്യുട്ടീവ് കമ്മിറ്റിയംഗമാണ്. വികലാംഗ സംഘടനയുടെ സജീവ പ്രവർത്തകനുമായിരുന്നു. ഓൺലൈൻ ന്യൂസ് രംഗത്തും പ്രവർത്തിച്ചിരുന്നു.
തലമുണ്ടയിലെ നിജീഷ് കെട്ടിടനിർമാണവുമായി ബന്ധപ്പെട്ട തൊഴിലാളിയാണ്. അമ്മയുടെ വീട് ഏച്ചൂരിലായതിനാൽ ശരത്തുമായി അടുത്ത സൗഹൃദം കാത്തുസൂക്ഷിച്ചിരുന്നു. തലമുണ്ട വലിയവളപ്പിൽ രാജന്റെയും അനിതയുടെയും മകനാണ് മരിച്ച നിജീഷ്. ഭാര്യ: സൗപർണിക. ഏകമകൾ: നിള. സഹോദരങ്ങൾ: ജിനീഷ്, ഷിനീഷ്. സംസ്‌കാരം ശനിയാഴ്ച ഒരുമണിക്ക് പയ്യാമ്പലത്ത്. പാറക്കണ്ടി ശശീന്ദ്രന്റെയും കെ.പി. രതിയുടെയും മകനാണ് മരിച്ച ശരത്ത്. സഹോദരങ്ങൾ: ഷമിത്ത്, സരിൽ.
കാറിൽ ഇവരോടൊപ്പം യാത്രചെയ്ത കണ്ണൂർ ചക്കരക്കൽ നൈവിക നിവാസ് സജിത്ത് (34), ലോറി ഡ്രൈവർ എടവണ്ണപ്പാറ മുണ്ടക്കൽ തറക്കണ്ടത്തിൽ സ്വദേശി സിദ്ദിഖ് (52) എന്നിവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സജിത്തിനെ പിന്നീട് കണ്ണൂർ എ.കെ.ജി. ആശുപത്രിയിലേക്ക് മാറ്റി. കൊയിലാണ്ടിയിൽ നിന്നെത്തിയ അഗ്നിരക്ഷാസേനയും പോലീസും ചേർന്ന് നാട്ടുകാരുടെ സഹായത്തോടെയാണ് അപകടത്തിൽപ്പെട്ടവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ബര്‍മുഡ ട്രയാംഗിളിലേക്കൊരു യാത്ര : കപ്പല്‍ കാണാതായാല്‍ മുഴുവന്‍ പണവും തിരികെയെന്ന് അധികൃതര്‍
മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിയ ശേഷമാണ് ശരത്തും നിജീഷും മരണത്തിന് കീഴടങ്ങിയത്. മലപ്പുറത്തേക്ക് കല്ലുകയറ്റിപ്പോവുകയായിരുന്ന ലോറിയും എറണാകുളത്തുനിന്നു കണ്ണൂരിലേക്ക് പോവുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ലോറി നിയന്ത്രണംവിട്ട് റോഡിന് നടുവിലായി മറിഞ്ഞു. കാറും നിയന്ത്രണംവിട്ടിരുന്നു. അപകടത്തെത്തുടർന്ന് ലോറിയിൽനിന്ന് ചെങ്കല്ല് റോഡിലേക്ക് തെറിച്ചുവീണു. പോലീസും അഗ്നിരക്ഷാസേനയും ചേർന്ന് ചെങ്കല്ല് എടുത്തുമാറ്റിയാണ് ഗതാഗതതടസ്സം ഒഴിവാക്കിയത്.