തൃശ്ശൂർ: തൃശ്ശൂരിലെ അധ്യാപക ദമ്പതികളായ സാന്റിയും ഭാര്യ ലിജിയും വർഷത്തിൽ ഒരിക്കൽ വിനോദയാത്ര പോകും. വെറും യാത്രയല്ല ആരോരും സന്തോഷിപ്പിക്കാനില്ലാത്ത അഗതി മന്ദിരത്തിലെ അന്തേവാസികളേയും കൊണ്ടാണ് ഇവർ വിനോദയാത്രയ്ക്ക് പോവുക. അവർക്കിഷ്ടമുള്ള സ്ഥലം തെരഞ്ഞെടുത്താൽ എല്ലാ ചെലവും വഹിച്ച് വാഹനവുമായി ഈ അധ്യാപക ദമ്പതികളെത്തുന്നതാണ് എല്ലാ വർഷത്തേയും യാത്രാ പതിവ്.
ഇത്തവണയും പുല്ലഴിയിലെ അനാഥ-അഗതിമന്ദിരമായ സെയ്ന്റ് ക്രിസ്റ്റീന ഹോമിലെത്തിയ സാന്റിയും ഭാര്യ ലിജിയും ”നമുക്കൊരുമിച്ചൊരു വിനോദയാത്ര പോയാലോ? എവിടേക്കാണെന്ന് നിങ്ങൾക്ക് തീരുമാനിക്കാം.”വാക്കുകൾ കേട്ടതോടെ ചര്ച്ച കൊഴുത്തു. അമ്പതോളം അന്തേവാസികളിൽ പലരും അതിരപ്പിള്ളി, വാഴച്ചാൽ, വാട്ടർ തീം പാർക്ക് ഒക്കെ തെരഞ്ഞെടുത്തു.
ഒടുവിൽ എല്ലാവരുടെയും ആഗ്രഹപ്രകാരം വെള്ളിയാഴ്ച ഇവർ അതിരപ്പിള്ളിയിലേക്കും വാഴച്ചാലിലേക്കും പിന്നെ അവിടെയുള്ള വാട്ടർ തീം പാർക്കിലേക്കും യാത്ര പോയി ഉല്ലസിച്ചു. ഒരുദിവസം രാവിലെമുതൽ രാത്രിവരെ നീളുന്നതായിരുന്നു വിനോദയാത്ര. എല്ലാ ചെലവും വഹിച്ച് സ്‌കൂൾ അധ്യാപകരായ സാന്റിയുടെയും ഭാര്യ ലിജിയും കൂടെയുണ്ടായിരുന്നു. സാന്റിക്ക് ഇത് ഇരുപത്തഞ്ചാം വർഷത്തിലെ വിനോദയാത്രയാണ്. സാന്റിയും ലിജിയും വിവാഹിതരായതിനു ശേഷം ഇരുവരുടെയും ഒരുമാസത്തെ ശമ്പളമാണ് ഇതിനായി മാറ്റിവെക്കുന്നത്. യാത്രയിൽ ഇവരുടെ മക്കളും കൂടെയുണ്ടാകാറുണ്ട്. എടക്കഴിയൂർ സീതിസാഹിബ് ഹൈസ്‌കൂളിലെ ഗണിതാധ്യാപകനാണ് സാന്റി ഡേവിഡ്. ഭാര്യ ലിജി ചൂണ്ടൽ എൽഐജിഎച്ച്എസിലെ ബയോളജി അധ്യാപികയും.
25 വർഷമായി സാന്റി സ്‌കൂൾ അധ്യാപകനാണ്. ആദ്യശമ്പളം കിട്ടിയപ്പോൾ പലഹാരങ്ങളുമായി മനക്കൊടി സാവിയോ കോൺവെന്റിലുള്ള അമ്മായി സിസ്റ്റർ ലീനറ്റിനെ കാണാൻ പോയതാണ് വഴിത്തിരിവായത്. അവിടത്തെ അന്തേവാസികളെ പുറത്തുകൊണ്ടുപോയി സന്തോഷിപ്പിക്കാൻ അമ്മായി സാന്റിയോട് നിർദേശിച്ചത് പ്രകാരം അന്ന് ഒരു യാത്ര പോയതാണാണ് ഈ ഉദ്യമത്തിലെ ആദ്യത്തെ വിനോദയാത്ര. അന്ന് വണ്ടിപിടിച്ച് അന്തേവാസികളുമായി തൃശ്ശൂർ നഗരത്തിലെത്തി പൂരം പ്രദർശനവും കാഴ്ചബംഗ്ലാവും കാണിച്ച് ഭക്ഷണവും വാങ്ങിനൽകി തിരികെ എത്തിക്കുകയായിരുന്നു.
also read- ബര്‍മുഡ ട്രയാംഗിളിലേക്കൊരു യാത്ര : കപ്പല്‍ കാണാതായാല്‍ മുഴുവന്‍ പണവും തിരികെയെന്ന് അധികൃതര്‍
പിന്നീട് ഒരിക്കലും സാന്റി ഈ പതിവ് തെറ്റിച്ചിട്ടില്ല. എല്ലാ വർഷവും ഒരുമാസത്തെ ശമ്പളം അന്തേവാസികളെ വിനോദയാത്രയ്ക്ക് കൊണ്ടുപോകാനായി മാറ്റിവെക്കും. 2000-ൽ ജീവിതപങ്കാളിയായെത്തിയ ലിജിയും ചേർന്നതോടെ രണ്ടുപേരുടേയും ശമ്പളത്തോടെയായി ഓരോ യാത്രയും. ഓരോ വർഷവും ഓരോ അനാഥ-അഗതി കേന്ദ്രങ്ങളിലെ അന്തേവാസികളെയാണ് വിനോദയാത്ര കൊണ്ടുപോകുക. ടൂറിസ്റ്റ് ബസുമുതൽ ഭക്ഷണവും സമ്മാനങ്ങളും പ്രവേശനപാസിന്റെ ചെലവുമെല്ലാം ഇവരുതന്നെ വഹിക്കും. സാന്റിയുടെ പൂർവവിദ്യാർഥികളാണ് ഇത്തവണ യാത്രയ്ക്കായുള്ള ഭക്ഷണം തയ്യാറാക്കിയെത്തിച്ചത്.
യാത്രകളിൽ മക്കളായ ഷാരോണും സാന്ദ്രയും സിയോണും കൂടെയുണ്ടാകും. പറപ്പൂർ ചിറ്റിലപ്പിള്ളിയിലാണ് ഈ കുടുംബത്തിന്റെ താമസം. ക്രിസ്റ്റീന ഹോം ഡയറക്ടർ ഫാ. പോൾസൺ തട്ടിലും മദർ സുപ്പീരിയർ സിസ്റ്റർ ജോളിയും ഈ സംഘത്തിലുണ്ട്.