തൊടുപുഴ: അച്ഛനും അമ്മയും രണ്ടുമക്കളും ഒരേവേദിയിൽ ഭരതനാട്യമാടും. തൊടുപുഴയിലാണ് ഈ അപൂർവ ‘സമന്വയം’ അരങ്ങേറുന്നത്. ‘സമന്വയം 2022’ എന്നപേരിൽ ഭരതനാട്യപ്രകടനം ഒരുക്കുന്നത്. നൃത്താധ്യാപിക ആർ.എൽ.വി.ലത, ഭർത്താവ് പി.കെ.സുരേഷ്, മക്കളായ മീനാക്ഷി, ശ്രീഹരി എന്നിവരാണ് ഒരുമിച്ച് ഒരേ വേദിയിൽ എത്തുക. ഞായറാഴ്ച വൈകീട്ട് നാലിന് ഷെറോൺ കൾച്ചറൽ സെന്ററിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
സുരേഷും ലതയും ചെറുപ്പം മുതൽ ശാസ്ത്രീയനൃത്തം അഭ്യസിച്ചിരുന്നു. പിന്നീട് ഇരുവരുടെയും കലാസപര്യ വിവാഹശേഷം ഒരുമിച്ചായി. ഇവരുടെ വൈഷ്ണവം പാലത്തിങ്കൽ വീട്ടിൽ ലതയുടെ നേതൃത്വത്തിൽ നൃത്തവിദ്യാലയവും തുടങ്ങി. മക്കളും നൃത്തരംഗത്ത് താത്പര്യം പ്രകടിപ്പിച്ചപ്പോൾ അവരെയും ഒപ്പം കൂട്ടി. അച്ഛനും അമ്മയും ചേർന്ന് മക്കളെ ചുവടുകൾ അഭ്യസിപ്പിച്ചു. ഇപ്പോൾ ഒരുമിച്ച് ഒരേവേദിയിൽ ഭരതനാട്യം അവതരിപ്പിക്കാൻ ഒരുങ്ങുന്നതിന്റെ ആവേശത്തിലാണ് കുടുംബം.
തൃപ്പൂണിത്തുറ ആർ.എൽ.വി. സംഗീതകോളേജിൽനിന്ന് ലത ഭരതനാട്യത്തിൽ ഡിപ്ലോമ, പോസ്റ്റ് ഡിപ്ലോമ, ബിരുദാനന്തരബിരുദം എന്നിവ കരസ്ഥമാക്കിയിട്ടുണ്ട്. മോഹിനിയാട്ടം, കേരളനടനം, കുച്ചിപ്പുടി, നാടോടിനൃത്തം എന്നിവയും അഭ്യസിച്ചിട്ടുണ്ട്.
ഇതിലെല്ലാം സുരേഷും പ്രാവീണ്യം നേടിയിട്ടുണ്ട്. 1996-ൽ എം.ജി.സർവകലാശാലയുടെ ബി.എഡ്. കലോത്സവത്തിൽ കലാപ്രതിഭയായിട്ടുണ്ട്. കോടിക്കുളം ഗവ. സ്‌കൂളിലെ മലയാളം അധ്യാപകനായിരുന്നു. മീനാക്ഷി എം.ബി.എ. വിദ്യാർഥിനിയും ശ്രീഹരി എട്ടാം ക്ലാസ് വിദ്യാർഥിയുമാണ്. സുരേഷും മകൾ മീനാക്ഷിയും ഒരുമിച്ച് എം.എ.ഭരതനാട്യം വിദൂര വിദ്യാഭ്യാസ സംവിധാനത്തിൽ പഠിക്കുന്നുണ്ട്.