കൊച്ചി: തിരുവനന്തപുരം വിദ്വേഷ പ്രസംഗക്കേസിൽ മുൻകൂർ ജാമ്യം റദ്ദാക്കിയതിനെ തുടർന്ന് വീണ്ടും ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ച് പിസി ജോർജ്. ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന കുറ്റം ചുമത്തി ജാമ്യം റദ്ദാക്കിയ മജിസ്‌ട്രേട്ട് കോടതി ഉത്തരവു ചോദ്യം ചെയ്താണ് പുതിയ ഹർജി സമർപ്പിച്ചിരിക്കുന്നത്. ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന് പി.സി.ജോർജ് ഹർജിയിൽ വ്യക്തമാക്കുന്നു.
ബുധനാഴ്ച തിരുവനന്തപുരം ഫോർട്ട് പൊലീസ് അറസ്റ്റു ചെയ്തതിനു പിന്നാലെയാണ് പി.സി.ജോർജ് ഹൈക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചത്. ഈ ഹർജി വെള്ളിയാഴ്ച ജസ്റ്റിസ് പി.ഗോപിനാഥിന്റെ ബെഞ്ച് പരിഗണിക്കാനിരിക്കെയാണ് ജാമ്യം റദ്ദാക്കിയതിനെതിരെ ചോദ്യം ചെയ്ത് മറ്റൊരു ഹർജി കൂടി സമർപ്പിച്ചത്. ഈ ഹർജി വെള്ളിയാഴ്ച ജസ്റ്റിസ് സിയാദ് റഹ്മാൻ പരിഗണിക്കും. അതേസമയം, കൊച്ചി വെണ്ണല പ്രസംഗത്തിൽ ജോർജിന് അനുവദിച്ചിട്ടുള്ള ഇടക്കാല ജാമ്യം അടുത്ത ദിവസം അവസാനിക്കും.
കിഴക്കേക്കോട്ടയിൽ മതവിദ്വേഷ പ്രസംഗം നടത്തിയ കേസിൽ തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത പി.സി.ജോർജ് നിലവിൽ പൂജപ്പുര സെൻട്രൽ ജലിൽ കഴിയുകയാണ്. അറസ്റ്റിലായ പിസി ജോർജിന് പിന്തുണ പ്രഖ്യാപിച്ച് ബിജെപി നേതാക്കളും പരസ്യമായി രംഗത്ത് വന്നിരുന്നു.