കരിമണ്ണൂർ: വീടിന്റെ ഭിത്തി ഇടിഞ്ഞു വീണ് അഞ്ചുവയസുകാരന് ദാരുണാന്ത്യം. മുളപ്പുറം ഈന്തുങ്കൽ പരേതനായ ജെയ്സണിന്റെ മകൻ റയാൻ ജോർജ് ജെയ്സൺ ആണ് ദാരുണമായി മരമടഞ്ഞത്. മുളപ്പുറം അങ്കണവാടിയിലെ വിദ്യാർഥിയായിരുന്നു റയാൻ.
വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു അപകടം നടന്നത്. സമീപത്തുണ്ടായിരുന്ന പഴയ വീടിന്റെ മേൽക്കൂര വീട്ടുകാർ പൊളിച്ചുവിറ്റിരുന്നു. അതേസമയം, ഭിത്തി പൊളിച്ചുമാറ്റിയിരുന്നില്ല. എന്നാൽ, കഴിഞ്ഞദിവസം പെയ്ത മഴയിൽ ഭിത്തി നനഞ്ഞു കുതിർന്ന് നിൽക്കുകയായിരുന്നു.
ഭിത്തിക്കു താഴെ കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ ദേഹത്തേക്ക് അപ്രതീക്ഷിതമായി ഭിത്തി ഇടിഞ്ഞ് വീഴുകയായിരുന്നു. കുട്ടിയെ മുതലക്കോടത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അമ്മ: രേഷ്മ. സഹോദരങ്ങൾ: റോസ് മേരി (നഴ്സിങ് വിദ്യാർഥി), റോണി (വിദ്യാർഥി, നിർമല കോളേജ് മൂവാറ്റുപുഴ), റീനു (പ്ലസ് വൺ വിദ്യാർഥി സെന്റ് ജോസഫ് എച്ച്.എസ്.എസ്. കരിമണ്ണൂർ).
Discussion about this post