കെഎസ്ആർടിസി ബസിൽ യൂണിഫോം ധരിക്കാതെ ജുബ്ബയും തൊപ്പിയുമടങ്ങുന്ന മതവേഷം ധരിച്ച് പിഎച്ച് അഷ്റഫെന്ന ഡ്രൈവർ ജോലിക്കെത്തിയെന്ന സംഘപരിവാറിന്റെ വിദ്വേഷ പ്രചരണത്തിൽ മറുപടി കുറിപ്പുമായി മുൻ സഹപ്രവർത്തകൻ രംഗത്ത്.
കെഎസ്ആർടിസി കായംകുളം ഡിപ്പോയിലെ കണ്ടക്ടറായ ബിനു വാസവനാണ് അഷ്റഫിനെ പിന്തുണച്ചും സംഘപരിവാർ പ്രചരണത്തിൽ മറുപടിയും നൽകി രംഗത്ത് വന്നത്. അഷ്റഫ് ഇതേ വേഷത്തിൽ അയ്യപ്പൻമാരേയും കൊണ്ട് പമ്പയിലേക്ക് പോയിട്ടുണ്ടെന്നും, ഉത്സവ, പള്ളി പെരുന്നാൾ സ്പെഷ്യൽ സർവീസുകളിൽ വിശ്വാസികളെ കൊണ്ടുപോയതും ഇതേ വേഷത്തിലാണെന്നും ബിനു ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.
ഒരു സാധു മനുഷ്യനായ അദ്ദേഹത്തെ കുറിച്ച് കുറച്ച് മനുഷ്യർ എന്തൊക്കെയോ വ്യാജ പ്രചരണങ്ങൾ നടത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും സംഘ്പരിവാർ നേതാവ് പ്രതീഷ് വിശ്വനാഥനും ഈ ചിത്രം ഫെയ്സ്ബുക്കിൽ പങ്കുവെച്ചിരുന്നു. കെഎസ്ആർടിസി യൂണിഫോം മാറ്റിയോ? എന്നായിരുന്നു പ്രതീഷ് വിശ്വനാഥന്റെ പോസ്റ്റ്.
പിന്നാലെയാണ് വിദ്വേഷ പ്രചരണത്തിൽ സഹപ്രവർത്തകൻ മറുപടിയുമായി രംഗത്ത് വന്നത്. ചിത്രത്തിൽ, യഥാർത്ഥത്തിൽ കെഎസ്ആർടിസിയിലെ ഇളംനീല നിറത്തിലുള്ള സാധാരണ യൂണിഫോം ഷർട്ട് തന്നെയാണ് അഷ്റഫ് ധരിച്ചിരുന്നത്. ഇതിനും പാന്റിനും മുകളിലൂടെ ഒരു വെള്ള തോർത്ത് മടിയിൽ വിരിച്ചിരുന്നു.
ഇതാണ് ജുബ്ബയാണെന്ന് തോന്നിക്കാനും കാരണം. സോഷ്യൽമീഡിയയിലെ പ്രചരണം തെറ്റാണെന്നും ഡ്രൈവർ ധരിച്ചിരുന്നത് യൂണിഫോം തന്നെയെന്ന് അന്വേഷണത്തിൽ വ്യക്തമായെന്നും കെഎസ്ആർടിസി വ്യക്തമാക്കി. മാവേലിക്കര യൂണിറ്റിലെ ഡ്രൈവറാണ് അഷ്റഫ്.