കഴക്കൂട്ടം: നാല് മക്കൾക്ക് ജന്മം നൽകിയിട്ടും 85കാരിയായ മാധവിക്കുട്ടിയമ്മയ്ക്ക് ഒടുവിൽ അഭയം തേടേണ്ടി വന്നത് വൃദ്ധസദനത്തിൽ. മക്കളെല്ലാം ഉണ്ടായിട്ടും മാധവിക്കുട്ടിയമ്മ വീടിനു പുറത്ത് വീണു കിടക്കുന്ന അവസ്ഥയിലായിരുന്നു. മക്കളാരും വരാതെ ആയതോടെയാണ് അമ്മയെ കാക്കാൻ നാടും പോലീസും ഒരുപോലെ ഒന്നിച്ചത്.
ശ്രീകാര്യം ചെറുവയ്ക്കൽ കരുവമ്മൂല മോഹനവിലാസത്തിൽ മാധവിക്കുട്ടിയമ്മയാണ് ആരോരുമില്ലാതെ വീടിന് പുറത്ത് കിടന്ന കിടപ്പ് കിടന്നത്. ഇതുകണ്ട് അയൽക്കാർ അറിയിച്ചതനുസരിച്ച് കൗൺസിലർ എസ്.ആർ.ബിന്ദു ആണ് ആദ്യം എത്തിയത്. പിന്നാലെ ശ്രീകാര്യം ജനമൈത്രി പൊലീസിനെ വിവരം അറിയിക്കുകയും ചെയ്തു. പൊലീസ് എത്തുന്നതിനു മുൻപ് ബിന്ദു മറ്റൊരാളുടെ സഹായത്തോടെ മാധവിക്കുട്ടിയമ്മയെ കുളിപ്പിച്ചു വൃത്തിയാക്കി.
‘ഇതിനു മുൻപു നാലു തവണ ഞാൻ ഇതേ പരാതി കേട്ട് മാധവിക്കുട്ടിയമ്മയുടെ വീട്ടിലെത്തിയിട്ടുണ്ട്. വേറെ താമസിക്കുന്ന മക്കളെ വിളിച്ച് അപ്പോഴെല്ലാം അമ്മയെ നോക്കുമെന്ന ഉറപ്പു വാങ്ങിയ ശേഷമാണ് മടങ്ങിയത്. ഇത്തവണ അമ്മയെ ഏറ്റെടുക്കാൻ ഉറപ്പിച്ചാണ് അവിടെയെത്തിയത്’ കൗൺസിലർ ബിന്ദു പറയുന്നു.
‘ആരും ശ്രദ്ധിക്കാനില്ല. എപ്പോഴും എന്നെ കുറ്റം പറച്ചിലാണ്’ മക്കൾ നോക്കാനില്ലെന്ന വിവരമറിഞ്ഞെത്തിയവരോട് മാധവിക്കുട്ടിയമ്മ തന്റെ സങ്കടം പറഞ്ഞു. ഇടയ്‌ക്കെങ്കിലും എത്തി ഭക്ഷണം കൊടുക്കുന്നത് ഒരു ചെറുമകൻ മാത്രമാണ്. ഈ ദുരിതം അറിഞ്ഞ്, പൊലീസിന്റെ സഹായത്തോടെ കൗൺസിലർ മാധവിക്കുട്ടിയമ്മയെ ജനറൽ ആശുപത്രിയിലെ ഒൻപതാം വാർഡിൽ പ്രവേശിപ്പിച്ചു.
കൈകാലുകൾക്കു വേദനയുണ്ടെന്ന് മാധവിക്കുട്ടിയമ്മ പറഞ്ഞതിനാലാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ നിന്നു വിട്ടയയ്ക്കുമ്പോൾ മറ്റു സൗകര്യങ്ങൾ ലഭിച്ചില്ലെങ്കിൽ ചെറുവയ്ക്കലിലെ തന്നെ വൃദ്ധസദനത്തിൽ മാധവിക്കുട്ടിയമ്മയെ പ്രവേശിപ്പിക്കുമെന്നും തുടർ പരിപാലനം ഉറപ്പാക്കുമെന്നും കൗൺസിലർ അറിയിച്ചു. സംഭവത്തിൽ മാധവിക്കുട്ടിയമ്മയുടെ മക്കളോട് വിശദീകരണം തേടും.