കൊച്ചി: ആലുവ ഡിപ്പോയില്‍ നിന്ന് കെഎസ്ആര്‍ടിസി ബസ് മോഷണം പോയി. വ്യാഴാഴ്ച രാവിലെയാണ് സംഭവം. ബസ് മോഷണം പോയി മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ബസ് കലൂര്‍ ഭാഗത്തുനിന്നും കണ്ടെത്തി. ആലുവയില്‍ നിന്ന് കോഴിക്കോടേക്ക് സര്‍വീസ് നടത്തേണ്ട ബസാണ് മോഷണം പോയത്. മെക്കാനിക്കിന്റെ വേഷം ധരിച്ചെത്തിയ മോഷ്ടാവാണ് ഫാസ്റ്റ് പാസഞ്ചര്‍ ബസ് മോഷ്ടിച്ചത്.
രാവിലെ 8.10ഓടെയാണ് സംഭവം നടന്നത്. ചില സാങ്കേതിക പ്രശ്നങ്ങളെത്തുടര്‍ന്ന് ബസ് മെക്കാനിക്കല്‍ ഡിപ്പോയില്‍ കിടക്കവേയാണ് മെക്കാനിക്കിന്റെ വേഷം ധരിച്ചെത്തിയ മോഷ്ടാവ് ബസ് കടത്തിയത്. ബസ് മോഷ്ടിച്ച് കടത്തിയ പ്രതിയെ നോര്‍ത്ത് പോലീസ് പിടികൂടി. ഇയാള്‍ക്ക് മാനസിക പ്രശ്നമുണ്ടെന്നാണ് പോലീസിന് ലഭിച്ച പ്രാഥമിക വിവരം.
മെക്കാനിക്കിന്റെ വേഷം ധരിച്ചെത്തിയ ആള്‍ ബസുമായി കടന്നുകളയുകയായിരുന്നു. ആലുവ ഭാഗത്തുനിന്ന് എറണാകുളത്തേക്ക് വരുന്ന വഴിയില്‍ ബസ് നിരവധി വാഹനങ്ങളില്‍ തട്ടിയതായും റിപ്പോര്‍ട്ടുകളുണ്ട്.
അമിത വേഗതയില്‍ ബസ് പോകുന്നത് കണ്ട് സംശയം തോന്നിയ സെക്യൂരിറ്റി ജീവനക്കാരന്‍ ഉടന്‍തന്നെ ഡിപ്പോയില്‍ വിവരം അറിയിച്ചു. ഇതേതുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ബസ് കലൂര്‍ ഭാഗത്തുനിന്ന് കണ്ടെത്തിയത്. ഇന്നു ഉച്ചയ്ക്ക് കോഴിക്കോട്ടേക്ക് സര്‍വീസ് നടത്തേണ്ട ഫാസ്റ്റ് പാസഞ്ചര്‍ ബസായിരുന്നു ഇത്.