തിരുവനന്തപുരം: വിസ്മയ കേസ് പ്രതി കിരണ്‍ കുമാര്‍ ഇനി പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍. പത്തുവര്‍ഷത്തെ തടവിന് ശിക്ഷിച്ചതിനെ തുടര്‍ന്നാണ് സെന്‍ട്രല്‍ ജയിലിലേക്ക് എത്തിച്ചത്. കൊല്ലം ജില്ലാ ജയിലില്‍ നിന്ന് ബുധനാഴ്ച രാവിലെ 11-നാണ് കിരണിനെ തിരുവനന്തപുരത്ത് എത്തിച്ചത്.
ശിക്ഷിക്കപ്പെട്ടതോടെ തടവുപുള്ളികള്‍ക്കുള്ള നമ്പരും വസ്ത്രവും നല്‍കി. കിരണ്‍ കുമാറിന് അധികൃതര്‍ നല്‍കിയത് എട്ടാം നമ്പര്‍ ബ്ലോക്കിലെ അഞ്ചാം നമ്പര്‍ സെല്ലാണ്. ജയിലിലെ നമ്പര്‍ 5018 ആണ്. സെല്ലില്‍ കിരണ്‍ കുമാര്‍ മാത്രമാണുള്ളത്.
കിരണ്‍ കുമാറിന്റെ മാനസിക, ശാരീരിക അവസ്ഥകള്‍ വിലയിരുത്തിയ ശേഷം മറ്റു തടവുകാര്‍ക്കൊപ്പം വേറെ സെല്ലിലേക്കു മാറ്റും. ശിക്ഷിക്കപ്പെട്ടതിനാല്‍ ജയിലില്‍ ജോലി ചെയ്യേണ്ടിവരും. ജയില്‍ വസ്ത്രം ധരിക്കണം. ജോലി ചെയ്യാന്‍ കഴിയുമെന്ന് ഡോക്ടര്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയാല്‍ ജയിലിനുള്ളിലെ ജോലികളില്‍ ഏര്‍പ്പെട്ടു തുടങ്ങണം. എന്തു തരം ജോലി ചെയ്യണമെന്നു ജയില്‍ അധികാരികളാണ് തീരുമാനിക്കുന്നത്.