കൊച്ചി: വിദ്വേഷ പ്രസംഗത്തില്‍ മുന്‍ എംഎല്‍എയും ജനപക്ഷം നേതാവുമായ പിസി ജോര്‍ജ് റിമാര്‍ഡില്‍. അദ്ദേഹത്തെ പൂജപ്പുര ജില്ലാ ജയിലിലേക്ക് മാറ്റും. പതിനാല് ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. കനത്ത പോലീസ് സുരക്ഷയിലാണ് പിസി ജോര്‍ജിനെ പോലീസ് പൂജപ്പുര ജയിലിലേക്ക് കൊണ്ടുപോകുന്നത്. വൈദ്യ പരിശോധനയ്ക്കായി തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ എത്തിച്ച ശേഷമായിരിക്കും ജയിലിലേക്ക് കൊണ്ടുപോവുക.
ജോര്‍ജ് വിദ്വേഷ പ്രസംഗം ആവര്‍ത്തിച്ചത് ഗൂഡാലോചനയുടെ ഭാഗമാണെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ട്. പ്രസ്താവന ആവര്‍ത്തിച്ചത് രണ്ട് മതവിഭാഗങ്ങള്‍ സ്പര്‍ധയുണ്ടാക്കാനാണെന്നും പോലീസ് പറഞ്ഞു. തനിക്കെതിരെയുള്ള നടപടികള്‍ ക്രൂരതയാണെന്നായിരുന്നു പിസി ജോര്‍ജ്ജിന്റെ പ്രതികരണം. തന്നെ ഇങ്ങനെ ദേഹണ്ഡിച്ച് കൊണ്ട് നടക്കുന്നതെന്തിനാണ്. ഇന്നലെ പാലാരിവട്ടം സ്റ്റേഷനില്‍ എത്തിയതാണ്. ജാമ്യം ലഭിച്ചതിന് ശേഷം എല്ലാം പറയാം. അറസ്റ്റില്‍ സമൂഹം മറുപടി പറയട്ടെയെന്നും പിസി ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
കൊച്ചി പാലാരിവട്ടം പോലീസ് സ്റ്റേഷനില്‍ കീഴടങ്ങിയ പിസി ജോര്‍ജ്ജിനെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും വഴി പോലീസ് വാഹനം ഇടിച്ച് യാത്രക്കാരന് പരിക്കേറ്റിരുന്നു. ചന്തവിള സ്വദേശി മുഹമ്മദ് ബഷീറിനാണ് പരുക്ക്. രാത്രി 12.15ഓടെയായിരുന്നു സംഭവം. പരുക്ക് ഗുരുതരമല്ല. റോഡ് മുറിച്ചു കടക്കുമ്പോള്‍ മുഹമ്മദിനെ വാഹനമിടിക്കുകയായിരുന്നു. ഇയാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ തേടി.
ഫോര്‍ട്ട് പോലീസ് അറസ്റ്റ് ചെയ്ത പിസി ജോര്‍ജ്ജിനെ 12.40ഓടെയാണ് തിരുവനന്തപുരത്ത് എത്തിച്ചത്. ആദ്യം നന്ദാവനം എആര്‍ ക്യമ്പിലേക്കായിരുന്നു കൊണ്ടുപോയത്. പത്ത് മണിക്ക് കൊച്ചിയില്‍ നിന്നും തിരിച്ച സംഘം രണ്ടര മണിക്കൂര്‍ കൊണ്ടാണ് തിരുവനന്തപുരത്ത് എത്തിയത്.