കായംകുളം: കായംകുളത്ത് എംഡിഎംഎ മയക്കുമരുന്നുമായി ദമ്പതികള്‍ പിടിയില്‍. നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി കായംകുളത്ത് നടത്തിയ വാഹനപരിശോധനയിലാണ് ദമ്പതികള്‍ പിടിയിലാകുന്നത്.
ലഹരിമരുന്നുമായി അന്തര്‍സംസ്ഥാന ബസില്‍ എത്തിയ കായംകുളം കണ്ണംമ്പള്ളി സ്വദേശി ചാലുവടക്കേതില്‍ അനീഷ് (24,), കായംകുളം കൊറ്റുകുളങ്ങര തൈപറമ്പില്‍ ആര്യ (19) എന്നിവരെയാണ് കായംകുളം ജിഡിഎം ഓഡിറ്റോറിയത്തിന് സമീപം പൊലീസ് അറസ്റ്റ് ചെയ്തത്.
ബസില്‍ കായംകുളത്ത് വന്നിറങ്ങി വീട്ടിലേക്ക് പോകാന്‍ വാഹനം കാത്തു നില്‍ക്കവെയാണ് ഇവര്‍ പിടിയിലാകുന്നത്. അനീഷിനെതിരെ കനകക്കുന്ന് പൊലീസ് സ്റ്റേഷനില്‍ വധശ്രമ കേസ് നിലവില്‍ ഉണ്ട്. ഈ സംഭവുമായി ബന്ധപ്പെട്ട കേസില്‍ ജാമ്യത്തിലായിരിക്കെ ആര്യയുമായി പ്രണയത്തിലാകുകയും വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച് ഇരുവരും നാടുവിടുകയും ചെയ്തു. വീട്ടുകാര്‍ കായംകുളം പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഇവരെ കണ്ടെത്തി കോടതിയില്‍ ഹാജരാക്കി. കോടതി ഇവരുടെ ഇഷ്ടപ്രകാരം വിടുകയും ചെയ്തു. പിന്നീട് ഇവര്‍ രജിസ്റ്റര്‍ വിവാഹം ചെയ്തു.
മാസത്തില്‍ രണ്ടോ മുന്നോ തവണ സംസ്ഥാനത്തിന് പുറത്ത് പോയി എംഡിഎംഎ വാങ്ങാറുണ്ടെന്നും, ഇവ കായംകുളം കേന്ദ്രീകരിച്ചുള്ള ക്വട്ടേഷന്‍ സംഘങ്ങള്‍ക്കാണ് നല്‍കാറുള്ളതെന്നും ഇവര്‍ പൊലീസിനോട് പറഞ്ഞു. എംഡിഎംഎ ഗ്രാമിന് 1500 രൂപക്ക് വാങ്ങുന്ന ഇവര്‍ ഗ്രാമിന് 5000 രൂപ നിരക്കിലാണ് വില്‍ക്കുന്നത്. സബ് ഇന്‍സ്‌പെക്ടര്‍മാരായ ശ്രീകുമാര്‍, മുരളിധരന്‍, സിപിഒ റെജി, അനുപ്, നിസാം, ജോളി, റെസീന, ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങളായ എസ് അരുണ്‍ ഇല്യാസ്, എഎസ്‌ഐ സന്തോഷ്, ജാക്‌സണ്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.