കണ്ണൂര്‍: ഒരു കുടുംബത്തിലെ ഒന്നിലധികം പേരുടെ ജന്മദിനം ഒരേ ദിവസം വരാറുണ്ട്. എന്നാല്‍ ഒരു കുടുംബത്തിന്റെ നാലുപേരുടെയും ജന്മദിനം ഒരേ ദിവസമാണ് എന്നതാണ് കൗതുകമാകുന്നത്. അച്ഛന്റെയും അമ്മയുടെയും രണ്ട് മക്കളുടെയും ജന്മദിനം ഒരേ ദിവസം വരുന്നത് അപൂര്‍വ്വമാണ്.
കണ്ണൂര്‍ പയ്യന്നൂരിനടുത്ത പാടിയോട്ടുചാലിലെ അനീഷ് കുമാറിന്റെ കുടുംബത്തിലാണ് ഈ കൗതുകം നിറഞ്ഞ പിറന്നാളുകാരുള്ളത്. മെയ് 25 ആണ് ഈ കുടുംബത്തിലെ നാല് പേരുടെയും ജന്മദിനം.
പ്രവാസിയായിരുന്ന അനീഷ് കഴിഞ്ഞ കുറച്ചുവര്‍ഷമായി നാട്ടില്‍ ഫാം നടത്തുകയാണ്. ഭാര്യ അജിത പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ നഴ്‌സായി ജോലി ചെയ്യുന്നു. ചെറുപുഴയാണ് അജിതയുടെ സ്വദേശം. തങ്ങളുടെ വിവാഹ സമയത്ത് തന്നെ ജന്മദിനത്തിലെ സാമ്യത ശ്രദ്ധിച്ചിരുന്നെന്ന് അനീഷ് കുമാര്‍ പറയുന്നു.
2012ലാണ് അനീഷ് കുമാര്‍ അജിത ദമ്പതികള്‍ക്ക് ഒരു പെണ്‍കുട്ടി പിറക്കുന്നത്. അച്ഛന്റെയും അമ്മയുടെയും ജന്മദിനം തന്നെയായിരുന്നു മകളുടേതെന്നത് കുടുംബത്തിന് ഇരട്ടി സന്തോഷമേകി. എന്നാല്‍ ഇതുകൊണ്ട് തീര്‍ന്നില്ല അനീഷിന്റെ കുടുംബത്തിലെ പിറന്നാള്‍ വിശേഷം. മകള്‍ ജനിച്ച് ഏഴുവര്‍ഷങ്ങള്‍ക്കിപ്പുറം 2019ലാണ് ഇവര്‍ക്ക് ഒരു ആണ്‍കുട്ടി പിറന്നത്. അതും വീട്ടിലെ മറ്റു മൂന്നുപേരെയും പോലെ മെയ് 25ന് തന്നെ. അങ്ങനെ മെയ് 25 ഒരു കുടുംബത്തിലെ നാല് പേരുടെയും ജന്മദിനമായി മാറി.
മൂന്നാം ക്ലാസുകാരിയായ ആരാധ്യ ഞെക്ലി എല്‍പി സ്‌കൂള്‍ വിദ്യാര്‍ഥിയാണ്. മകന്‍ ആഗ്‌നേയ്ക്ക് ഇന്ന് മൂന്ന് വയസ് പൂര്‍ത്തിയായി. 1980 മെയ് 25നാണ് അനീഷ് കുമാര്‍ ജനിച്ചത്. അജിതയുടെ ജനനം 1987 മെയ് 25ന്. മകള്‍ ആരാധ്യ പിറന്നത് 2012 മെയ് 25നായിരുന്നു. ഇളയ മകന്‍ ആഗ്‌നേയിന്റെ ജനനം 2019 മെയ് 25നും. അപൂര്‍വ്വ നിറഞ്ഞ ജന്മദിനത്തില്‍ ആശംസകള്‍ നിറയുകയാണ് അനീഷ് കുമാറിനും കുടുംബത്തിനും.