കൊച്ചി: പിസി ജോർജിന്റെ വിദ്വേഷ പ്രസംഗത്തെ തുടർന്ന് അദ്ദേഹത്തെ പോലീസ് കസ്റ്റഡിയിലെടുത്തതിനെ വിമർശിച്ച് മകൻ ഷോൺ ജോർജ്. തൃക്കാക്കര തെരഞ്ഞെടുപ്പ് കഴിഞ്ഞിരുന്നുവെങ്കിൽ പിസി ജോർജിനെതിരെ എഫ്‌ഐആർ പോലുമുണ്ടാവുമായിരുന്നില്ലെന്ന് ഷോൺ ജോർജ് പറഞ്ഞു.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള പിണറായി വിജയന്റെ നടപടിയാണ് പിസി ജോർജിന്റെ അറസ്റ്റ്. പ്രീണന രാഷ്ട്രീയമാണ് പിണറായി നടത്തുന്നതെന്നും ഒരുവശത്തും പിണറായിയും മറുവശത്ത് സതീശനും ഇതേ രാഷ്ട്രീയത്തിനായാണ് നിൽക്കുന്നതെന്നും ഷോൺ ആരോപിച്ചു.
also read- വിസ്മയ കേസിലെ അന്വേഷണ മികവ്; ഡിവൈഎസ്പി പി രാജ്കുമാറിനെ അഭിനന്ദിച്ച് നടൻ മമ്മൂട്ടി
നിയമവ്യവസ്ഥയോട് ബഹുമാനമുള്ളതിനാലാണ് പൊലീസ് സ്റ്റേഷനിൽ ഹാജരായത്. രണ്ട് ദിവസം നടന്നിട്ടും പോലീസിന് പിസി ജോർജിനെ എന്തെങ്കിലും ചെയ്യാൻ സാധിച്ചോയെന്നും അദ്ദേഹം ചോദിച്ചു.
അതേസമയം, പിസി ജോർജിന് പിന്തുണയുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പൊലീസ് സ്റ്റേഷനിൽ എത്തിയിരുന്നു. സമുദായങ്ങൾക്കെതിരെ കുട്ടിയെക്കൊണ്ട് വിദ്വേഷ മുദ്രവാക്യം വിളിച്ച കേസിൽ നടപടിയെടുക്കാത്ത പോലീസാണ് ഇപ്പോൾ പിസി ജോർജിനെ കസ്റ്റഡിയിലെടുത്തിരിക്കുന്നതെന്ന് കെ സുരേന്ദ്രൻ പറഞ്ഞു.