തിരുവനന്തപുരം : അനന്തപുരി ഹിന്ദുമഹാ സമ്മേളനത്തില്‍ മതവിദ്വേഷ പ്രസംഗം നടത്തിയ കേസില്‍ പൂഞ്ഞാര്‍ മുന്‍ എംഎല്‍എ പിസി ജോര്‍ജിനെ പോലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ജാമ്യം റദ്ദാക്കിയതിന് പുറകെയാണ് നടപടി.
വെണ്ണലയില്‍ മതവിദ്വേഷ പ്രസംഗം നടത്തിയ കേസില്‍ ഹൈക്കോടതി നിര്‍ദേശപ്രകാരം ഹാജരായ പിസി ജോര്‍ജിനെ പാലാരിവട്ടം പോലീസാണ് കസ്റ്റഡിയിലെടുത്തത്. തിരുവനന്തപുരത്ത് നിന്നുള്ള പോലീസ് സംഘം എത്തിയ ശേഷം അവര്‍ക്ക് കൈമാറുമെന്നാണ് വിവരം.
ഏപ്രില്‍ 29ന് തിരുവനന്തപുരത്ത് നടന്ന ഹിന്ദു മഹാസമ്മേളനത്തിലായിരുന്നു പിസി ജോര്‍ജിന്റെ വിവാദ പ്രസംഗം. ഈ കേസില്‍ അറസ്റ്റിലായി ജാമ്യം ലഭിച്ചിരുന്നുവെങ്കിലും പാലാരിവട്ടത്ത് വീണ്ടും സമാന രീതിയില്‍ വിദ്വേഷ പ്രസംഗം നടത്തി. തുടര്‍ന്ന് പ്രോസിക്യൂഷന്‍ നല്‍കിയ ഹര്‍ജി പരിഗണിച്ച് മജിസ്‌ട്രേറ്റ് കോടതി ജാമ്യം റദ്ദാക്കുകയും അറസ്റ്റിന് വഴിയൊരുങ്ങുകയുമായിരുന്നു.
അതേ സമയം ജാമ്യം റദ്ദാക്കിയതിനെതിരെ മേല്‍ക്കോടതിയെ സമീപിക്കുമെന്നും തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് പിസി ജോര്‍ജിനെതിരെയുള്ള നടപടിയെന്നും പിസി ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജ് പ്രതികരിച്ചു. പിസി ജോര്‍ജിന് പിന്തുണയുമായി ബിജെപിയുടെ മുതിര്‍ന്ന നേതാക്കളായ കെ, സുരേന്ദ്രന്‍, പികെ കൃഷ്ണദാസ്, ശോഭ സുരേന്ദ്രന്‍, എഎന്‍ രാധാകൃഷ്ണന്‍ തുടങ്ങിയവരും പാലാരിവട്ടം സ്റ്റേഷനിലെത്തിയിരുന്നു.