‘ഒരു സോപ്പു വാങ്ങിത്തരുമോ’ എന്നു ചോദിച്ച യാചകനായ വയോധികനെ കുളിപ്പിച്ചു വൃത്തിയാക്കിയ കൊടുത്ത് പുതിയ വസ്ത്രങ്ങളും വാങ്ങി ധരിപ്പിച്ച് പോയ ട്രാഫിക് പോലീസിനെ നാം മറന്നു കാണാൻ ഇടയില്ല. അതേ ട്രാഫിക് പൊലീസുകാരൻ ഇപ്പോൾ ലോകത്തോട് എന്നന്നേയ്ക്കുമായി വിടപറഞ്ഞ ആ വയോധികന്റെ സംസ്കാര ചടങ്ങുകൾക്കും തുണയായി എത്തിയിരിക്കുകയാണ്.
നെയ്യാറ്റിൻകര ട്രാഫിക് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ പൂവാറിനു സമീപം വിരാലി തേവരുമുള്ള് വീട്ടിൽ എസ്.ബി. ഷൈജുവാണ് അനാഥ വയോധികന് ചിതയിലേയ്ക്ക് എടുക്കും വരെ താങ്ങായി നിന്നത്. തിരുച്ചറപ്പള്ളി സ്വദേശി ആത്തിയപ്പൻ (സുബ്രഹ്മണ്യൻ 87) ആണ് ആ വയോധികനെന്ന് പിന്നീട് തിരിച്ചറിഞ്ഞു.
ഷൈജു കുളിപ്പിച്ച് കൊടുത്തതിനു ശേഷം, ഒരാഴ്ചയ്ക്കുള്ളിൽ നെയ്യാറ്റിൻകരയിലെ കട വരാന്തയിൽ അസുഖം ബാധിച്ചു കണ്ടെത്തിയ ആത്തിയപ്പനെ ഷൈജു ജനറൽ ആശുപത്രിയിൽ എത്തിച്ചു. അവിടെ ചികിത്സയിലിരിക്കെ 17ന് രാത്രിയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. തുടർന്ന് ഷൈജു വയോധികന്റെ ബന്ധുക്കളെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടങ്ങി. ഒടുവിൽ തിരുച്ചിറപ്പള്ളിയിൽ നിന്ന് അവരെ കണ്ടെത്തി. ആത്തിയപ്പൻ എന്ന പേര് അറിയുന്നതു പോലും ആ നിമിഷമാണ്.
കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ ആത്തിയപ്പന്റെ മകൾ സെന്തമിഴ് ശെൽവി മറ്റൊരു ബന്ധുവിനൊപ്പം നെയ്യാറ്റിൻകരയിലെത്തി. ഇരുവർക്കും ഷൈജു താമസമൊരുക്കുകയും ചെയ്തു. ശേഷം അടുത്ത ദിവസം രണ്ടരയോടെ ആത്തിയപ്പന്റെ മൃതശരീരം ജനറൽ ആശുപത്രിയിൽ നിന്ന് തൈക്കാട് ശാന്തി കവാടത്തിൽ ഷൈജു എത്തിച്ചു. സംസ്കാര ചടങ്ങുകളിൽ പങ്കെടുത്തു. ബന്ധുക്കൾക്ക് തിരികെ മടങ്ങാനുള്ള പണവും നൽകിയ ശേഷമാണ് ഈ പോലീസുകാരൻ അവിടെ നിന്നും മടങ്ങിയത്.
Discussion about this post