പെരിന്തൽമണ്ണ: ജിദ്ദയിൽ നിന്നും നെടുമ്പാശേരിയിൽ വന്നിറങ്ങിയ പാലക്കാട് സ്വദേശിയായ അബ്ദുൾ ജലീലിനെ മർദ്ദിച്ച് കൊലപ്പെടുത്തിയത് സ്വർണക്കടത്ത് സംഘമെന്ന് പോലീസ്. അഗളി സ്വദേശി വാക്യത്തൊടി അബ്ദുൾജലീലിനെ(42) കൊലപ്പെടുത്തിയ കേസിൽ തിങ്കളാഴ്ച രാത്രി മുഖ്യപ്രതി കീഴാറ്റൂർ ആക്കപ്പറമ്പ് കാര്യമാട് സ്വദേശി മാറുകരവീട്ടിൽ യഹിയ മുഹമ്മദിനെ (35) കസ്റ്റഡിയിലെടുത്ത് പോലീസ് റിമാൻഡ്ചെയ്തു. വിദേശത്തുനിന്ന് അബ്ദുൾജലീൽ കടത്തിയെന്നു കരുതുന്ന 1.200 കിലോഗ്രാം സ്വർണം കണ്ടെടുക്കുന്നതിനാണ് സംഘം തട്ടിക്കൊണ്ടുപോയതെന്നും കേസിൽ നേരിട്ടു ബന്ധമുള്ള രണ്ടുപേർ വിദേശത്തേക്കു കടന്നതായും പെരിന്തൽമണ്ണ ഡിവൈഎസ്പി എം സന്തോഷ്‌കുമാർ അറിയിച്ചു.
ജലീലിനെ ആശുപത്രിയിൽ മൃതപ്രായനായി എത്തിച്ച് കടന്ന് കളഞ്ഞവർ തന്നെയാണ് പ്രതികളെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. കേരളത്തിലേക്ക് കടത്താനായി സൗദിയിൽനിന്ന് അബ്ദുൾജലീലിന് 57 ലക്ഷത്തിന്റെ സ്വർണം നൽകിയിരുന്നെങ്കിലും ഇത് എത്തിക്കാത്തതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് വ്യക്തമാക്കി. ചോദ്യംചെയ്യലിൽ പ്രതി യഹിയയിൽ നിന്നാണ് ഈ വിവരങ്ങൾ ലഭിച്ചത്. യഹിയയുടെ പങ്കാളികൾ ഏജന്റുമാർ മുഖേനെയാണ് ജലീലിന് സ്വർണം നൽകിയത്.
സാധാരണ സ്വർണക്കടത്ത് സംഘങ്ങൾ അവരുടെ രഹസ്യകേന്ദ്രങ്ങളിലെത്തിച്ച് കടത്തുന്നയാളുടെ ശരീരത്തിൽ സ്വർണം വെച്ചുകെട്ടി നൽകാറാണ് പതിവ്. എന്നാൽ, എന്നാൽ ഹൗസ് ഡ്രൈവറായി ജോലിചെയ്യുന്ന ജലീലിനെ പുറപ്പെടും മുൻപേ രഹസ്യകേന്ദ്രത്തിലേക്കെത്തിച്ചാൽ വീട്ടുടമ അറിയുമെന്നതിനാൽ ജലീലിന്റെ മുറിയിലേക്ക് സംഘമെത്തിയാണ് സ്വർണം നൽകിയത്. സ്വർണം ജലീൽതന്നെ ശരീരത്തിൽ ഒളിപ്പിച്ചതായി പറയുകയും തുടർന്ന് സംഘം ഇയാളെ വിമാനത്താവളത്തിലെത്തിക്കുകയും ചെയ്യുകയായിരുന്നു.
വിമാനത്താവളത്തിലെ ലോഞ്ചിൽ എത്തുംവരെ ഇയാൾ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. പിന്നീട് നെടുമ്പാശേരിയിൽ വന്നിറങ്ങിയ ജലീലിനെ യഹിയയും സംഘവും ജലീലിനെ കൂട്ടിക്കൊണ്ടുവന്നു. എന്നാൽ ജലീലിന്റെ കൈയിലോ ശരീരത്തിലോ സ്വർണമുണ്ടായിരുന്നില്ല. ഇതാണ് കടത്ത് സംഘത്തെ പ്രകോപിപ്പിച്ചത്. തുടർന്ന് സംഘം മർദനവും പീഡനവും തുടങ്ങിയെന്നാണ് പോലീസ് കരുതുന്നത്.
സ്വർണം ജലീൽ അവിടെത്തന്നെ മറ്റാർക്കോ കൈമാറുകയോ മറ്റെന്തെങ്കിലും രീതിയിൽ മാറ്റുകയോ ചെയ്തുവെന്നാണ് സംശയിക്കുന്നത്. സ്വർണം ഇവിടെ എത്തിയോ എന്നതറിയാൻ കൂടുതൽ അന്വേഷണം നടത്തുമെന്ന് ഡിവൈഎസ്പി എം സന്തോഷ്‌കുമാർ പറഞ്ഞു. സ്വർണം ജലീലിന്റെ അവിടുത്തെ മുറിയിൽ തന്നെയുണ്ടോയെന്നത് അടക്കമുള്ള കാര്യങ്ങൾക്കായി അവിടുത്തെ പോലീസും അന്വേഷണ ഏജൻസികളുമായും ബന്ധപ്പെടുന്നതിന് നടപടി സ്വീകരിച്ചുവരുന്നതായും അദ്ദേഹം പറഞ്ഞു.