വെള്ളക്കെട്ടിന്റെ ദുരിതം വെളിപ്പെടുത്തി നടൻ മുരുകൻ മാർട്ടിൻ. കഴിഞ്ഞ ദിവസങ്ങളിൽ കൊച്ചി നഗരത്തിൽ പെയ്ത മഴയിൽ മുരുകൻ താമസിക്കുന്ന കടവന്ത്ര പി ആൻഡ് ടി കോളനിയിൽ വെള്ളം കയറിയിരുന്നു. നടപ്പാതയിലും വീടുകളിലും വെള്ളം കയറിയതോടെ ഏറെ ദുരിതത്തിലാണ് കോളനിവാസികൾ. ഈ സാഹചര്യത്തിലാണ് താനും നേരിടുന്ന പ്രശ്നങ്ങൾ വെളിപ്പെടുത്തി രംഗത്ത് വന്നത്.
നാൽപ്പതു വർഷത്തിലേറെയായി ഈ പ്രദേശം അഭിമുഖീകരിക്കുന്ന ദുരിതമാണ് വെള്ളക്കെട്ടെന്ന് മുരുകൻ പറയുന്നു. എന്നാൽ, പല തവണ അധികൃതരെ സമീപിച്ചിട്ടും ഇതുവരെ പ്രശ്നപരിഹാരമായിട്ടില്ലെന്നും മുരുകൻ കൂട്ടിച്ചേർത്തു. കെ.എൽ ടെൻ പത്ത്, കലി, അങ്കമാലി ഡയറീസ്, ലൂസിഫർ തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങളിൽ മുരുകൻ അഭിനയിച്ചിട്ടുണ്ട്.
കൊച്ചി നഗരത്തിൽ വെള്ളക്കെട്ടിന്റെ ദുരിതം ഏറ്റവും കൂടുതൽ നേരിടുന്ന സ്ഥലങ്ങളിൽ ഒന്നാണ് ഗാന്ധിനഗറിന് സമീപത്തെ പി ആൻഡ് ടി കോളനി. നല്ലൊരു മഴ പെയ്താൽ സമീപത്തെ പേരണ്ടൂർ കനാലിൽനിന്ന് മലിനജലം കോളനിയിലേക്ക് ഒഴുകും. അടുക്കളയിലും കിടപ്പുമുറിയിലും വരെ മാലിന്യം നിറയും. ഇതിനൊരു പരിഹാരം കണ്ടെത്തണമെന്നാണ് കോളനിവാസികളുടെ വർഷങ്ങളായുള്ള ആവശ്യം.
മുരുകൻ മാർട്ടിന്റെ വാക്കുകൾ;
കഴിഞ്ഞ 30 വർഷമായി കടവന്ത്ര പി ആൻഡ് ടി കോളനിയിലാണ് താമസിക്കുന്നത്. നാൽപ്പത് വർഷത്തിലധികമായി ഈ കോളനിവാസികൾ നേരിടുന്ന പ്രശ്നമാണ് വെള്ളക്കെട്ട്. ഇതിന് ശാശ്വത പരിഹാരം കണ്ടെത്താൻ സർക്കാരിന് കഴിഞ്ഞിട്ടില്ല. വോട്ടു നേടി അധികാരത്തിലെത്തിയാൽ ഈ പ്രശ്നം പരിഹരിക്കാമെന്നു പറഞ്ഞതെല്ലാം വെറും വാഗ്ദാനങ്ങളായി അവശേഷിച്ചു. എനിക്ക് ധൈര്യം പകർന്നു തന്നിട്ടുള്ളത് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആശയങ്ങളാണ്. ഇതു സംസാരിക്കാനുള്ള ധൈര്യം തന്നത് ഇതേ പാർട്ടിയാണ്.