കൊല്ലം: വിസ്മയ ആത്മഹത്യ ചെയ്തതാണെന്നും കേസില്‍ താന്‍ കുറ്റക്കാരനല്ലെന്നും പ്രതി കിരണ്‍ കുമാര്‍. വിസ്മയ കേസിലെ ശിക്ഷാവിധിക്ക് മുമ്പ് എന്തെങ്കിലും പറയാനുണ്ടോ എന്ന് കോടതി ചോദിച്ചപ്പോഴായിരുന്നു ഈ പ്രതികരണം.
എനിക്ക് പ്രായം കുറവാണെന്നും ശിക്ഷയില്‍ ഇളവ് വേണമെന്നും പ്രതി ആവശ്യപ്പെട്ടു. താന്‍ തെറ്റ് ചെയ്തിട്ടില്ല. വിസ്മയയുടേത് ആത്മഹത്യയാണെന്നും താന്‍ നിരപരാധിയാണെന്നും കിരണ്‍ കുമാര്‍ കോടതിയില്‍ പറഞ്ഞു.
അച്ഛനും അമ്മയ്ക്കും സുഖമില്ല. അച്ഛന് ഓര്‍മക്കുറവുണ്ട്, അതിനാല്‍ അപകടമുണ്ടാകാന്‍ സാധ്യതയുണ്ട്. അമ്മയ്ക്ക് രക്തസമ്മര്‍ദവും വാതരോഗവും പ്രമേഹവുമുണ്ട്. കുടുംബത്തിന്റെ ഏക ആശ്രയം താനാണെന്നും തന്റെ പ്രായം പരിഗണിക്കണമെന്നും കിരണ്‍ കോടതിയില്‍ പറഞ്ഞു.
എന്നാല്‍, പ്രതിയോട് അനുകമ്പ പാടില്ലെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. വിധി സമൂഹത്തിന് സന്ദേശമാകണം. കേസ് വ്യക്തിക്കെതിരെ അല്ല, കോടതി വിധി സമൂഹത്തിന് സന്ദേശമാകണമെന്ന് പ്രാസിക്യൂഷന്‍ പറഞ്ഞു. പ്രത്യേക സാഹചര്യത്തില്‍ ആത്മഹത്യ കൊലപാതകമായി കണക്കാമെന്നും പ്രോസിക്യൂഷന്‍ കൂട്ടിച്ചേര്‍ത്തു.
പ്രതി വിസ്മയയുടെ മുഖത്ത് ചവിട്ടി. സര്‍ക്കാര്‍ ഉദ്യോഗസ്ഥനും വിദ്യാഭ്യാസവുമുള്ള പ്രതിക്ക് പശ്ചാത്താപമില്ല. നിയമം പാലിക്കേണ്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ തന്നെ സ്ത്രീധനം ചോദിച്ച് വാങ്ങിയെന്നും ക്രൂരമായി ഉപദ്രവിച്ചുവെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാണിച്ചു.
കേസില്‍ കിരണ്‍ കുറ്റക്കാരനാണെന്ന് ഇന്നലെ കോടതി വിധിച്ചിരുന്നു. ഏഴ് വര്‍ഷം മുതല്‍ ജീവപര്യന്തം തടവുശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങള്‍ കിരണ്‍ ചെയ്തിട്ടുണ്ടെന്നാണ് കോടതി വിലയിരുത്തല്‍. സ്ത്രീധന പീഡനവും ആത്മഹത്യ പ്രേരണയും ഉള്‍പ്പെടെ വിസ്മയയുടെ ഭര്‍ത്താവ് കിരണിനെതിരെ ചുമത്തിയ പ്രധാന കുറ്റങ്ങളെല്ലാം നില നില്‍ക്കുന്നതാണെന്ന് ചൂണ്ടികാട്ടിയാണ് കൊല്ലം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ഇന്നലെ വിധി പുറപ്പെടുവിച്ചത്.
കിരണ്‍ കുമാറിനെതിരെ പോലീസ് ചുമത്തിയ ഏഴ് കുറ്റങ്ങളില്‍ അഞ്ചും നിലനില്‍ക്കുമെന്ന് കോടതി പറഞ്ഞിരുന്നു. ഐപിസി 304 (B), ഗാര്‍ഹിക പീഡനത്തിനെതിരായ 498 (A), ആത്മഹത്യാ പ്രേരണയ്‌ക്കെതിരായ ഐപിസി 306 വകുപ്പുകളും സ്ത്രീധന നിരോധന നിയമത്തിലെ 3, 4 വകുപ്പുകളുമാണ് കോടതി ശരിവച്ചത്. ഐപിസി 506, 323 വകുപ്പുകള്‍ മാത്രമാണ് തള്ളിക്കളഞ്ഞത്. കുറ്റക്കാരനെന്ന് കണ്ടെത്തിയതോടെ കിരണ്‍ കുമാറിന്റെ ജാമ്യം കോടതി റദ്ദാക്കിയിരുന്നു. തുടര്‍ന്ന് ഇയാളെ ജയിലിലേക്ക് മാറ്റി. ശാസ്ത്രീയ വഴികളിലൂടെ നടത്തിയ അന്വേഷണത്തിനുള്ള അംഗീകാരമാണ് കോടതി വിധിയെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു.
വിസ്മയ കേസിന്റെ വിധി കേള്‍ക്കാന്‍ അച്ഛന്‍ ത്രിവിക്രമന്‍ നായര്‍ കോടതിയിലേക്ക് തിരിച്ചത് മകള്‍ക്ക് നല്‍കിയ വാഹനത്തിലാണ്. വാഹനത്തിന്റെ ഫ്രണ്ട് സീറ്റ് ഒഴിച്ചിട്ടിരിക്കുകയാണ്. വിസ്മയയുടെ ആത്മാവ് തനിക്കൊപ്പം ഈ വിധി കേള്‍ക്കാന്‍ കോടതിയിലേക്ക് വരുന്നുണ്ടെന്ന വളരെ വൈകാരികമായ പ്രതികരണമാണ് ത്രിവിക്രമന്‍ നായര്‍ നടത്തിയത്. ഈ വാഹനം വാങ്ങാന്‍ മകളുമൊത്താണ് പോയതെന്നും അവള്‍ ഇപ്പോഴും തങ്ങളോടൊപ്പമുണ്ടെന്നും അദ്ദേഹം പറയുന്നു.
വിസ്മയ കേസിലെ വിധി സമൂഹത്തിനുള്ള സന്ദേശമാകണമെന്ന് അച്ഛന്‍ ത്രിവിക്രമന്‍ നായരും അമ്മ സജിത വി നായരും പറഞ്ഞു. 4,87, 000 വോയ്‌സ് ക്ലിപ്പുകളാണ് കിരണിന്റെ ഫോണില്‍ നിന്ന് സൈബര്‍ സെല്ലിന് ലഭിച്ചത്. ഓട്ടോമാറ്റിക്കായി കോളുകള്‍ ഫോണില്‍ റെക്കോര്‍ഡ് ചെയ്യപ്പെടുന്നുണ്ടെന്ന് അവന്‍ അറിഞ്ഞില്ലായിരുന്നു. വോയ്‌സ് ക്ലിപ്പുകളനുസരിച്ച് ഇനിയും നിരവധി പ്രതികള്‍ വരും. അവരെ സമൂഹത്തിന് മുന്നില്‍ കൊണ്ടുവരാനാണ് ഇനിയുള്ള ശ്രമമെന്നും അച്ഛന്‍ വ്യക്തമാക്കി.
Discussion about this post