കൊല്ലം: ഭർതൃപീഡനത്തെ തുടർന്ന് ബിഎഎംഎസ് വിദ്യാർത്ഥിനി വിസ്മയ ജീവനൊടുക്കിയ കേസിൽ കൊല്ലം ഒന്നാം അഡീഷണൽ സെഷൻസ് കോടതി ഭർത്താവ് കിരൺകുമാർ കുറ്റക്കാരനാണെന്ന് കഴിഞ്ഞ ദിവസം വിധിച്ചിരുന്നു. കേസിൽ ഇന്നാണ് ശിക്ഷ വിധിക്കുന്നത്. ശിക്ഷാ വിധി കേൾക്കാനായി വിസ്മയയുടെ അച്ഛൻ ത്രിവിക്രമൻ നായർ കോടതിയിലേക്ക് പുറപ്പെട്ടു.
കിരൺ കുമാറിന് സ്ത്രീധനമായി നൽകിയ കാറിലാണ് ത്രിവിക്രമൻ നായർ കോടതിയിലേയ്ക്ക് പുറപ്പെട്ടത്. ‘വിധി കേൾക്കുന്ന നേരം ഈ വണ്ടി അവിടെ വേണം, മകളുടെ മരണത്തിന് ശേഷം ഇതുവരെ ഈ വണ്ടി എടുത്തിട്ടില്ല. മോനാണ് വണ്ടി ഓടിച്ചുകൊണ്ടിരുന്നത്. ഇന്ന് വിധി കേൾക്കാൻ മോളുടെ ആത്മാവ് വണ്ടിക്കുള്ളിലുണ്ടാകും.
അവൾക്ക് ഏറ്റവും കൂടുതൽ ഇഷ്ടമുള്ള വണ്ടിയായിരുന്നു ഇത്. വിസ്മയയും ഞാനും മകനും കൂടി പോയാണ് ഈ കാറ് എടുക്കുന്നത്. അതുകൊണ്ട് വിധി കേൾക്കാനായി എന്റെ മോൾ ഈ വണ്ടിയ്ക്ക് അകത്തുണ്ട്. അതുകൊണ്ടാണ് ഫ്രണ്ട് സീറ്റ് ഒഴിച്ചിട്ടിരിക്കുന്നത്- വികാരാധീനനായി വിസ്മയയുടെ അച്ഛൻ പറയുന്നു.
വിസ്മയയോട് കിരൺ കുമാർ സ്ത്രീധനം ആവശ്യപ്പെട്ട് മാനസികമായി പീഡിപ്പിച്ചിരുന്നു എന്നത് വ്യക്തമാക്കുന്ന കൂടുതൽ തെളിവുകൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഭാര്യ വീട്ടുകാർ വാങ്ങി നൽകിയ കാർ ഇഷ്ടപ്പെട്ടില്ലെന്നും, വിലകൂടിയ കാർ വേണമെന്ന് ആവശ്യപ്പെട്ടും വിസ്മയയോട് കിരൺ കലഹിക്കുന്നതിന്റെ ഓഡിയോ ആണ് പുറത്തുവന്നത്.