തിരുവനന്തപുരം: ഫ്‌ളെക്‌സ് പ്രിന്റ് ചെയ്യാന്‍ വൈകിയെന്ന് ആരോപിച്ച് കടയുടമയ്ക്ക് കെപിസിസി ജനറല്‍ സെക്രട്ടറി ടി ശരത്ചന്ദ്ര പ്രസാദിന്റെ ക്രൂരമര്‍ദ്ദനം. ഫ്ളെ്ക്സ് കടയുടമയായ സുരേഷിനെയാണ് ശരത്ചന്ദ്ര പ്രസാദ് മര്‍ദ്ദിച്ചത്. ആരോപണങ്ങള്‍ നേതാവ് തള്ളിക്കളഞ്ഞെങ്കിലും, ‘ഫ്ളെക്സ് വേള്‍ഡ്’ സ്ഥാപന ഉടമയെ മര്‍ദ്ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തായതോടെ നേതാവ് വെട്ടിലായിരിക്കുകയാണ്.
താന്‍ എന്റെ പരിപാടി പൊളിക്കുമല്ലടാ എന്നു പറഞ്ഞ് ആക്രോശിക്കുകയും ഓഫീസിലെ ഫര്‍ണീച്ചര്‍ എടുത്ത് തന്നെ അടിച്ചെന്നുമാണ് കടയുടമയുടെ പരാതി. തന്റെ നിലവിളി കേട്ടപ്പോള്‍ ജോലി ചെയ്യുകയായിരുന്ന ഭാര്യ ശശികലയും മകനും ഓടിയെത്തിയതോടെയാണ് അടി നിര്‍ത്തിയതെന്നും സുരേഷ് പറയുന്നു. കോണ്‍ഗ്രസ് നേതാവിന്റെ നെറികെട്ട നടപടിക്കെതിരെ കെപിസിസിയ്ക്ക് പരാതി നല്‍കുമെന്നും കടയുടമ പറഞ്ഞു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനായി ഫ്ളെക്സ് ഇവിടെ അടിച്ചിരുന്നു. അതിന്റെ പേരില്‍ ഒരു ലക്ഷത്തോളം രൂപ കുടിശികയുണ്ടായിരുന്നു. ഇത് തന്ന ശേഷം മാത്രമേ പുതിയ ജോലി ഏറ്റെടുക്കൂവെന്ന് കടയുടമ പറഞ്ഞതിനെ തുടര്‍ന്നായിരുന്നു മര്‍ദ്ദനമെന്നാണ്‌സൂചന. കടയുടമയുമായി വാക്കേറ്റം ഉണ്ടായതിനെ തുടര്‍ന്ന് ശരത്ചന്ദ്ര പ്രസാദ് കടയിലേക്ക് കയറി വന്ന ഉടമയെ മര്‍ദ്ദിക്കുകയായിരുന്നു. തുടര്‍ന്ന് അവിടെയുണ്ടായിരുന്ന കസേര എടുത്തെറിയുന്നതും ദൃശ്യങ്ങളിലുണ്ട്. എന്നാല്‍ ദൃശ്യങ്ങള്‍ കൃത്രിമമായി നിര്‍മ്മിച്ചതാണെന്നാണ് ശരത്ചന്ദ്ര പ്രസാദിന്റെ പുതിയ ആരോപണം.
വീഡിയോ കടപ്പാട്: മനോരമ