കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ നടൻ ദിലീപിനെ പ്രതി ചേർക്കാതിരിക്കാൻ അന്നത്തെ പോലീസിലെ ഉന്നതൻ 50 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന് റിപ്പോർട്ട്. ഇക്കാര്യം പുറത്തുവന്നതോടെയാണ് കേസിലെ തുടരന്വേഷണം പ്രതിസന്ധിയിലായതെന്ന് മലയാള മനോരമ റിപ്പോർട്ട് ചെയ്യുന്നു.
ദിലീപിന്റെ കൈയ്യിൽ നിന്നും പണം വാങ്ങിയ ഈ ഉദ്യോഗസ്ഥൻ സർവീസിൽ നിന്നും വിരമിച്ചിട്ടും അദ്ദേഹം നിയന്ത്രിച്ചിരുന്ന ലോബി ശക്തമാണെന്നും ഇവരുടെ നീക്കങ്ങളാണ് അന്വേഷണത്തിന്റെ ചുമതലയിൽ നിന്ന് എഡിജിപി എസ് ശ്രീജിത്തിനെ മാറ്റാൻ കാരണമായതെന്നും ഈ റിപ്പോർട്ടിൽ പറയുന്നുണ്ട്.
ദിലീപ് അറസ്റ്റിലായതോടെ ’50 ലക്ഷം കൊടുത്തതു വെറുതെയായെന്നു’ പറഞ്ഞ ആലപ്പുഴ സ്വദേശിയുടെ മൊഴിയെടുക്കാനായി ക്രൈംബ്രാഞ്ച് തയാറെടുക്കുന്നതിനിടെയാണ് അന്വേഷണ സംഘത്തെ അടിമുടി ഉലച്ചുകൊണ്ട് സംഘതലവനെ തന്നെ സ്ഥആനത്ത് നിന്നും നീക്കി പുതിയയാളെ നിയോഗിച്ചത്.
പുതിയ ക്രൈംബ്രാഞ്ച് മേധാവി പദവി ഏറ്റെടുത്ത് വിളിച്ചു ചേർത്ത ആദ്യ യോഗത്തിൽ തന്നെ അന്വേഷണസംഘത്തിന് നൽകിയ നിർദേശം കോടതിയെയും അഭിഭാഷകരെയും പ്രതിക്കൂട്ടിലാക്കുന്ന അന്വേഷണമൊന്നും വേണ്ടെന്നാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
ഇക്കാരണ്തതാൽ തന്നെ നടിയെ പീഡിപ്പിച്ചെന്ന കേസിൽ തെളിവു നശിപ്പിക്കാനും പ്രോസിക്യൂഷൻ സാക്ഷികളെ സ്വാധീനിക്കാനും തുടർച്ചയായി ശ്രമിച്ച പ്രതിഭാഗം അഭിഭാഷകനെ ചോദ്യം ചെയ്യേണ്ടെന്ന് തീരുമാനിച്ചത്. പിന്നാലെയാണ് എഡിജിപി എസ് ശ്രീജിത്തിനും അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ബൈജു പൗലോസിനുമെതിരെ ഇതേഅഭിഭാഷകൻ സംസ്ഥാന അഭ്യന്തര സെക്രട്ടറിക്കു പരാതി നൽകുകയും ചെയ്തത്. തൊട്ടുപിന്നാലെ ഒരാഴ്ചയ്ക്കുള്ളിൽ എഡിജിപി ശ്രീജിത്തിനെ സ്ഥലംമാറ്റി.
ഇതിനിടെ തുടരന്വേഷണം പൂർത്തിയാക്കാൻ കൂടുതൽ സമയം കോടതിയോടു ചോദിക്കാൻ കഴിയില്ലെന്ന മുന്നറിയിപ്പും അന്വേഷണ സംഘത്തിനു ലഭിച്ചതോടെ ഇതുവരെ ലഭ്യമായ തെളിവുകൾ മാത്രം ചേർത്ത് അനുബന്ധ കുറ്റപത്രം സമർപ്പിക്കാനായുള്ള പെടാപാടിലാണ് അന്വേഷണ സംഘം.