കൊച്ചി: ‘സ്ത്രീധനം ആവശ്യപ്പെട്ട് പെണ്‍കുട്ടിയെ ചോദിച്ചുവരുന്നവര്‍ക്ക് ഒരാളും ഇനി മകളെ വിവാഹം കഴിച്ചു കൊടുക്കാതിരിക്കുക. വിദ്യാഭ്യാസവും കഴിയുമെങ്കില്‍ ഒരു ജോലിയും കൂടി നേടിക്കൊടുത്ത് വിവാഹം കഴിപ്പിക്കുക’, വിസ്മയ കേസിലെ കോടതി വിധിയ്ക്ക് ശേഷം വിസ്മയയുടെ അച്ഛന്‍ ത്രിവിക്രമന്‍ നായര്‍ പറഞ്ഞ വാക്കുകളാണിത്.
കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് പറഞ്ഞ ത്രിവിക്രമന്‍ നായര്‍ മകള്‍ക്ക് നീതി ലഭിച്ചെന്നും കോടതി വിധിയില്‍ തൃപ്തിയുണ്ടെന്നും പ്രതീക്ഷിച്ച വിധിയാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. ശിക്ഷാ വിധിക്കായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീധനം ആവശ്യപ്പെട്ട് പെണ്‍കുട്ടിയെ ചോദിച്ചുവരുന്നവര്‍ക്ക് ഒരാളും ഇനി മകളെ വിവാഹം കഴിച്ചു കൊടുക്കാതിരിക്കുക. വിദ്യാഭ്യാസവും കഴിയുമെങ്കില്‍ ഒരു ജോലിയും കൂടി നേടിക്കൊടുത്ത് വിവാഹം കഴിപ്പിക്കുക.
വിവാഹം എന്നത് രണ്ടാമത്തെ ഘടകം മാത്രമാണ്. കുട്ടിക്ക് വിദ്യാഭ്യാസം കൊടുക്കുക ജോലി സംഘടിപ്പിക്കുക, അനുഭവം ഉള്ളതുകൊണ്ടാണ് ഞാന്‍ ഇത് പറയുന്നത്. ഈ കോടതിക്ക് അകത്ത് ഇരുന്ന് ഞാന്‍ ഉരുകുകയായിരുന്നു. ഒരച്ഛനും ഇങ്ങനെ ഒരു അനുഭവം വരുത്തരുതേ എന്ന് പ്രാര്‍ത്ഥിക്കുകയാണ്.
മകളുമായി എനിക്ക് അഭിപ്രായവ്യത്യാസമുണ്ടെന്ന രീതിയില്‍ വന്നതൊക്കെ തെറ്റായ വാര്‍ത്തകള്‍ ആണ്. 4,80,000 വോയ്സ് റെക്കോര്‍ഡുകള്‍ ഉണ്ടായിരുന്നു. ഇതൊക്കെ കിരണിന്റെ ഫോണിലാണ് ഉണ്ടായിരുന്നത്. അത് അത്രയും കോടതിയില്‍ ഹാജരാക്കാന്‍ കഴിഞ്ഞു. ഞങ്ങളുടെ കയ്യില്‍ തുച്ഛമായ കോളുകളേ ഉണ്ടായിരുന്നുള്ളൂ, വിസ്മയയുടെ അച്ഛന്‍ പറഞ്ഞു.
കേസിന്റെ തുടക്കം മുതല്‍ മാധ്യമങ്ങള്‍ തനിക്കും കുടുംബത്തിനുമൊപ്പം നിന്നു. പ്രോസിക്യൂട്ടറും പോലീസ് ഉദ്യോഗസ്ഥരും ഒപ്പം നിന്നെന്നും വിസ്മയയുടെ അച്ഛന്‍ പറഞ്ഞു.
കിരണ്‍ കുമാര്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയതില്‍ സന്തോഷമുണ്ടെന്നും സ്പെഷ്യല്‍ പ്രോസിക്യൂട്ടറോടും ഡി.വൈ.എസ്.പി സാറിനോടും മാധ്യമങ്ങളോടും നന്ദിയുണ്ടെന്നും വിസ്മയയുടെ അമ്മയും പറഞ്ഞിരുന്നു.
വിസ്മയ കേസില്‍ പ്രതി കിരണ്‍ കുമാര്‍ കുറ്റക്കാരനെന്ന് കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പുറപ്പെടുവിച്ചത്. പ്രോസിക്യൂഷന്‍ ചുമത്തിയ എല്ലാ കുറ്റങ്ങളും കോടതി ശരി വയ്ക്കുകയായിരുന്നു. 304 b സ്ത്രീധ പീഡനത്തെ ചൊല്ലിയുള്ള മരണം, 306 -ാം വകുപ്പ് ആത്മഹത്യാപ്രേരണ, 498 അ സ്ത്രീധന പീഡനം, എന്നീ വകുപ്പുകളാണ് ശരിവച്ചത്. തുടര്‍ന്ന് ജാമ്യത്തിലായിരുന്ന കിരണ്‍ കുമാറിന്റെ ജാമ്യം കോടതി റദ്ദാക്കുകയായിരുന്നു.
ഗാര്‍ഹിക പീഡനം, സ്ത്രീധന പീഡനം, ആത്മഹത്യ പ്രേരണയടക്കം ഒന്‍പത് വകുപ്പുകള്‍ ചുമത്തിയാണ് കുറ്റപത്രം നല്‍കിയിരിക്കുന്നത്. 500 പേജുള്ള കുറ്റപത്രമാണ് കോടതിയില്‍ സമര്‍പ്പിച്ചത്. 102 സാക്ഷികളും, 92 റെക്കോര്‍ഡുകളും 56 തൊണ്ടിമുതലുകളുമാണ് കേസിലുള്ളത്.