കൊല്ലം: ഭർതൃപീഡനത്തെ തുടർന്ന് ബിഎഎംഎസ് വിദ്യാർഥിനിയും കൊല്ലം സ്വദേശിനിയുമായ വിസ്മയ ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവ് കിരൺകുമാർ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. കൊല്ലം ഒന്നാം അഡീഷണൽ സെഷൻസ് കോടതിയാണ് കേസിൽ വിധി പറഞ്ഞത്. ശിക്ഷ നാളെ പ്രഖ്യാപിക്കും. നാല് മാസത്തോളം നീണ്ട വിചാരണയ്ക്ക് ശേഷമാണ് കേസിൽ കോടതി വിധി പറയുന്നത്. വിധി കേൾക്കാൻ കിരൺ കുമാറും അച്ഛനും കോടതിയിലെത്തിയിരുന്നു.
കിരൺ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതോടെ കിരണിന്റെ ജാമ്യം കോടതി റദ്ദാക്കിയിട്ടുണ്ട്. അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ആയിരുന്ന കിരണിനെ മുമ്പ് വകുപ്പ് പിരിച്ചുവിട്ടിരുന്നു.
ഭർത്താവ് കിരൺ കുമാർ ശാരീരികമായും മാനസികമായും പീഡിപ്പിച്ചതിനെ തുടർന്ന് 2021 ജൂൺ 21-ന് ഭർതൃഗൃഹത്തിലെ ശുചിമുറിയിൽ വിസ്മയ ആത്മഹത്യ ചെയ്തെന്നാണ് കേസ്. സ്ത്രീധനമായി നൽകിയ കാറിൽ തൃപ്തനല്ലാത്തതിനാലും വാഗ്ദാനം ചെയ്ത സ്വർണം ലഭിക്കാത്തതിനാലും കിരൺ വിസ്മയയെ നിരന്തരം മർദ്ദിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നു.
2020 മേയ് 30-നാണ് ബിഎഎംഎസ് അവസാനവർഷ വിദ്യാർഥിനിയായിരുന്ന വിസ്മയയെ മോട്ടോർവാഹനവകുപ്പിൽ എഎംവിഐ ആയിരുന്ന കിരൺകുമാർ വിവാഹം ചെയ്തത്. കാറിന്റെ മോഡലും സ്വർണത്തിന്റെ അളവിലും തൃപ്തനല്ലാതിരുന്ന കിരൺ കുമാറിന്റെ പീഡനം വിസ്മയയെ ആത്മഹത്യയിൽ എത്തിക്കുകയായിരുന്നു.
സ്ത്രീധനപീഡനം, ആത്മഹത്യാപ്രേരണ, പരിക്കേൽപ്പിക്കൽ, ഭീഷണിപ്പെടുത്തൽ, സ്ത്രീധനം ആവശ്യപ്പെടൽ എന്നീ കുറ്റകൃത്യങ്ങൾ കിരൺകുമാർ ചെയ്തെന്നായിരുന്നു പ്രോസിക്യൂഷൻ ആരോപണം. ഇത് ശരിയാണെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്. പ്രോസിക്യൂഷന്റെ ഭാഗത്തുനിന്ന് 41 സാക്ഷികളെ വിസ്തരിക്കുകയും 118 രേഖകൾ തെളിവിൽ അക്കമിടുകയും 12 തൊണ്ടിമുതലുകൾ നൽകുകയും ചെയ്തു.
പ്രതിയുടെ പിതാവ് സദാശിവൻ പിള്ള, സഹോദരപുത്രൻ അനിൽകുമാർ, ഭാര്യ ബിന്ദുകുമാരി, പ്രതിയുടെ സഹോദരി കീർത്തി, സഹോദരീ ഭർത്താവ് മുകേഷ് എം നായർ എന്നിവർ വിചാരണയ്ക്കിടെ കൂറ് മാറിയിരുന്നു.
കിരൺകുമാറിന്റെ ഫോൺ സൈബർ പരിശോധനയ്ക്കയച്ചതിൽ റെക്കോഡ് ചെയ്തിരുന്ന സംഭാഷണങ്ങൾ കണ്ടെത്തിയതാണ് അന്വേഷണത്തിൽ വഴിത്തിരിവായത്. സ്ത്രീധനം സംബന്ധമായി നടത്തിയതുൾപ്പെടെ വിസ്മയയുമായുള്ള സംഭാഷണങ്ങൾ കോടതിയിൽ തെളിവായി ഹാജരാക്കി. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ജി മോഹൻരാജും പ്രതിക്കുവേണ്ടി പ്രതാപചന്ദ്രൻ പിള്ളയും കോടതിയിൽ ഹാജരായി.