ന്യൂഡല്‍ഹി: എവറസ്റ്റ് കീഴടക്കുകയെന്ന സ്വപ്നം യാഥാര്‍ഥ്യമാക്കി മലയാളി യുവാവ്.
35കാരനായ ഷെയ്ക്ക് ഹസന്‍ ഖാനാണ് സ്വപ്‌ന നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. തിരുവനന്തപുരത്ത് ധനകാര്യവകുപ്പ് ജീവനക്കാരനും പന്തളം സ്വദേശിയുമായ അദ്ദേഹത്തിന്റെ അടുത്തലക്ഷ്യം ഏഴ് ഭൂഖണ്ഡങ്ങളിലെയും ഉയരംകൂടിയ പര്‍വതങ്ങള്‍ കീഴടക്കണമെന്നാണ്.
കഴിഞ്ഞവര്‍ഷം കിളിമഞ്ചാരോയും കീഴടക്കി. അടുത്തതായി വടക്കന്‍ അമേരിക്കയിലെ പര്‍വത മുകളിലെത്തണമെന്നാണ് ആഗ്രഹം. ആദ്യമായി എവറസ്റ്റ് കീഴടക്കുന്ന പ്രായം കുറഞ്ഞ സാധാരണക്കാരന്‍ താനാണെന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം.
ചെറുപ്പംമുതല്‍ യാത്രകളെ ഇഷ്ടപ്പെട്ടിരുന്ന ഹസന്‍ 2015-ല്‍ ഡല്‍ഹി കേരളഹൗസിലേക്ക് ഡെപ്യൂട്ടേഷനില്‍ വന്നപ്പോഴാണ് പര്‍വതാരോഹണമേഖലയെക്കുറിച്ച് കൂടുതലറിയുന്നത്. തുടര്‍ന്ന് പര്‍വതാരോഹണത്തെക്കുറിച്ച് പഠിക്കാന്‍ കോഴ്‌സില്‍ ചേര്‍ന്നു.
സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തില്‍ വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹത്തിലാണ് എവറസ്റ്റ് യാത്ര ആരംഭിച്ചത്. 30 അടി നീളവും 20 അടി വീതിയുമുള്ള ദേശീയപതാകയുമായാണ് കൊടുമുടി കയറിയത്. സമുദ്രനിരപ്പില്‍നിന്ന് 7800 മീറ്റര്‍ ഉയരത്തിലെ ക്യാമ്പില്‍ പതാക ഉയര്‍ത്തി.
ഒരു രാജ്യത്തിന്റെ ഇത്രയും വലിയ പതാക ഈ ഉയരത്തില്‍ ഉയര്‍ത്തുന്നത് ആദ്യമായാണെന്നും അതിന് ഗിന്നസ് റെക്കോഡിന് ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. അവധിയെടുത്ത് മാര്‍ച്ച് 30-നാണ് ഹസന്‍ യാത്ര തിരിച്ചത്. ഏപ്രില്‍ ഒന്നിന് കാഠ്മണ്ഡുവിലെത്തി. 13 അംഗ സംഘത്തിനൊപ്പമാണ് കൊടുമുടി കയറിയത്. മെയ് 15-നാണ് എവറസ്റ്റ് കൊടുമുടിയുടെ മുകളിലെത്തിയത്.