‘പങ്കാളി വേണമെന്ന് തോന്നുന്ന കാലത്ത് മാത്രം വിവാഹം മതി, ഒത്തുപോകാന്‍ കഴിയില്ലെങ്കില്‍ ഇറങ്ങിപ്പോരണം’: മകളുടെ പിറന്നാള്‍ ദിനത്തില്‍ അച്ഛന്റെ കുറിപ്പ്

സ്ത്രീധന പീഡനത്തിന്റെയും ഗാര്‍ഹിക പീഡനത്തിന്റെയും പേരില്‍ നിരവധി പെണ്‍കുട്ടികളാണ് ജീവനൊടുക്കിയത്. അതേസമയം, മകളുടെ ഭാവി സുരക്ഷിമാക്കാനുളള ഉപദേശങ്ങളുമായി മകളുടെ പിറന്നാള്‍ ദിനത്തില്‍ അച്ഛന്‍ ഫേസ്ബുക്കില്‍ പങ്കുവച്ച ഹൃദയം തൊടുന്ന കുറിപ്പ് വൈറലായിരിക്കുകയാണ്.

കണ്ണൂരിലെ ചെറുപുഴക്കാരനായ വര്‍ഗീസ് പ്ലാത്തോട്ടം കുറിച്ച വാക്കുകളാണ് സോഷ്യല്‍ ലോകം കീഴടക്കിയിരിക്കുന്നത്. നല്ല വിദ്യാഭ്യാസവും സ്വന്തമായി വരുമാനവുമില്ലാത്ത സ്ത്രീകള്‍ക്ക് മറ്റെന്തുണ്ടായിട്ടും കാര്യമില്ലെന്നും ഒരു പങ്കാളി വേണമെന്ന് തോന്നുന്ന കാലത്തു മാത്രം വിവാഹം ചെയ്താല്‍ മതിയെന്നും പിറന്നാള്‍ കുറിപ്പില്‍ അച്ഛന്‍ പറയുന്നു.

സഹജീവി ആയി കരുതുന്ന, ബോധമുള്ള ഒരുത്തനെ കല്ല്യാണം കഴിക്കണമെന്നും ഇനി അങ്ങനെ ചെയ്തില്ലെങ്കില്‍ ഒരു ചുക്കും സംഭവിക്കില്ലെന്നും കുറിപ്പില്‍ പറയുന്നു. വിവാഹത്തിന് ശേഷം ഒത്തുപോകാന്‍ കഴിയില്ലെങ്കില്‍ ഇറങ്ങിപ്പോരണമെന്നും അച്ഛന്‍ മകളെ ഉപദേശിക്കുന്നു. നിരവധി പേരാണ് പോസ്റ്റ് ലൈക്കും ഷെയറും ചെയ്ത് മകള്‍ക്ക് പിറന്നാളും ആശംസിച്ചിരിക്കുന്നത്.

‘മകളെ..

നല്ല വിദ്യാഭ്യാസം , സ്വന്തം വരുമാനം .. അതില്ലാത്ത സ്ത്രീകൾക് മറ്റു എന്ത് ഉണ്ടായിട്ടും കാര്യമില്ല .

മകളെ…

ഒരു പുഴയിൽ വീണാൽ നീന്തികരപറ്റാനും , വണ്ടിഓടിക്കാനും , ഒറ്റക്കായി പോവുന്ന ഘട്ടങ്ങളിൽ ഒരു നേരത്തെ ആഹാരം ഉണ്ടാക്കി കഴിക്കാനും , ചില പ്രത്യേക സാഹചര്യങ്ങളിൽ ചിലരോടു “പോടാ മൈരേ” എന്നു പറയാനും അറിയില്ല എങ്കിൽ എത്ര ഉന്നതവിദ്യാഭ്യസം ഉണ്ടായിട്ടും ഒരു കാര്യവും ഇല്ല

മകളെ..

എന്നെങ്കിലും ആവാം എന്നു തോന്നുന്ന കാലത്തു നിന്നെ സഹജീവി ആയി കരുതുന്ന , ബോധമുള്ള ഒരുത്തനെ കല്യാണം കഴിക്കുക , ഇനി കഴിച്ചില്ല എങ്കിലും ഒരു ചുക്കും സംഭവിക്കില്ല .. ഒത്തുപോവാൻ കഴിയുന്നില്ലഎങ്കിൽ അവന്റെ തൊഴികൊള്ളാൻ നിക്കാതെ ഇറങ്ങിപ്പോരുക..ഇവിടെ നിനക്കൊരു വീടുണ്ട്..

മകളെ…

മാതൃത്വം എന്നത് മഹത്തായ സംഗതി അല്ലെന്നു ഒന്നും പറയുന്നില്ല , പക്ഷെ അതിന്റെ പത്തിരട്ടി മഹത്വം ഒണ്ടു അനാഥരായി പോയേക്കാവുന്ന രണ്ടു പെൺ കുഞ്ഞുങ്ങളെ ദത്തെടുത്തു വളർത്തി അവർക്കു അമ്മയാവുന്നത് …

മകളെ ..

കരുണയുള്ളവളായിരികുക , തന്നെക്കാൾ താഴ്ന്ന മനുഷ്യരോട് അലിവുള്ളവളായിരിക്കുക….

ഇന്നു ഇത്രേം മതി ബാക്കി അടുത്ത ബേ ഡേക് പറഞ്ഞുതരാ ട്ടാ ..

പിറന്നാൾ കുട്ടിക്ക് അപ്പൻ കൊറേ ഉപദേശങ്ങളും അമ്മ കുറെ സമ്മാനങ്ങളും വാങ്ങി കൊടുത്തു ..!!’

Exit mobile version