കണ്ണൂർ: കഴിഞ്ഞ ദിവസമാണ് മുത്തച്ഛന്റെയും കൊച്ചുമകന്റെയും ജീവനെടുത്ത വാഹനാപകടം നടന്നത്. ഇടച്ചേരി കൊമ്പ്രക്കാവിന് സമീപം ‘നവനീത’ത്തിലെ മഹേഷ് ബാബു (60), മകൾ പി. നവ്യയുടെയും പ്രവാസിയായ പ്രവീണിന്റെയും മകൻ ആഗ്നേയ് (ഒൻപത്) എന്നിവരാണ് മരിച്ചത്. ദേശീയപാതയിൽ പള്ളിക്കുളത്തിന് സമീപം ബൈക്കിൽ പോവുകയായിരുന്ന ഇരുവരെയും പുറകിലൂടെ എത്തിയ ലോറി ഇടിച്ചിടുകയായിരുന്നു.
തളാപ്പിലെ എസ്.എൻ. വിദ്യാമന്ദിർ സ്‌കൂളിൽ നാലാം ക്ലാസ് വിദ്യാർഥിയാണ് ആഗ്നേയ്. വെള്ളിയാഴ്ച പകൽ 11-നാണ് അപകടം. ഗ്യാസ് നിറയ്ക്കാനുള്ള സിലിൻഡറുകളുമായി മംഗളൂരുവിലേക്ക് പോകുകയായിരുന്ന ടി.എൻ. 90- 7925 നമ്പർ ലോറി ഇതേ ദിശയിൽ പോവുകയായിരുന്ന ബൈക്കിലിടിക്കുകയായിരുന്നു.
ലോറി ഇരുവരുടെയും ശരീരത്തിലൂടെ കയറിയിറങ്ങി തൽക്ഷണം മരിച്ചിരുന്നു. അച്ഛന്റെയും മകന്റെയും ദാരുണ അന്ത്യത്തിന് സാക്ഷിയാകേണ്ടി വന്നിരിക്കുകയാണ് നവ്യയ്ക്ക്. അപകടം നടന്ന സ്ഥലത്തെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു നവ്യ. പുതുതായി ആരംഭിക്കുന്ന കടയുടെ ഉദ്ഘാടനത്തിന്റെ ഭാഗമായി നടന്ന ചെണ്ടമേളം കാണാനെത്തിയപ്പോഴായിരുന്നു തൊട്ടരികിൽ ആൾക്കൂട്ടം കണ്ടത്.
അവിടേയ്ക്ക് എത്തിയപ്പോൾ കണ്ടത് റോഡിൽ തലപൊട്ടി, ചോരയിൽ കുളിച്ച്, ചേർന്ന് കിടക്കുന്ന രണ്ട് ശരീരങ്ങൾ. പെട്ടെന്നാർക്കും ഒന്നും ചെയ്യാൻ സാധിച്ചില്ല. കുറച്ച് കഴിഞ്ഞപ്പോൾ തളിപ്പറമ്പ് ഭാഗത്തുനിന്ന് ഒരു ആംബുലൻസ് വന്നു. നാട്ടുകാർ അത് നിർത്തിച്ച് മൃതദേഹങ്ങൾ അതിലേക്ക് മാറ്റി.
ആൾക്കൂട്ടത്തിൽനിന്ന് നവ്യ അത് തന്റെ അച്ഛൻ മഹേഷ് ബാബുവാണെന്ന് തിരിച്ചറിഞ്ഞു. നിലവിളിച്ച് പരക്കം പായുന്ന നവ്യയെ നാട്ടുകാർ തൊട്ടടുത്ത കടയിലിരുത്തി. പിന്നീട് മാത്രമാണ് തന്റെ മകൻ ആഗ്നേയും അപകടത്തിൽപ്പെട്ട കാര്യം ആ അമ്മ മനസ്സിലാക്കിയത്. ഇതോടെ നവ്യ ആകെ തകർന്ന അവസ്ഥയിലുമായി. നവ്യയെ ആശ്വസിപ്പിക്കാനും കണ്ട് നിന്നവർക്ക് സാധിക്കാൻ സാധിച്ചില്ല. പലരുടെയും കണ്ണുകളെ ഈറനണിയിച്ചു.