കീപ് ഇറ്റ് അപ് ബ്രോ, ശ്രീജിത്ത് പണിക്കരുടെ ‘പുഴു’ പരിഹാസ പോസ്റ്റിനെ പിന്തുണച്ച് മേജര്‍ രവി

മമ്മൂട്ടിയെ പ്രധാന കഥാപാത്രമായെത്തുന്ന ‘പുഴു’വിനെതിരെ സംവിധായകനും നടനുമായ മേജര്‍ രവി. സിനിമയ്ക്കെതിരെ ശ്രീജിത്ത് പണിക്കരുടെ വിമര്‍ശന കുറിപ്പിനാണ് പരിഹാസ കമന്റുമായി മേജര്‍ രവി എത്തിയത്. മമ്മൂട്ടിയെ നായകനാക്കി റത്തീന സംവിധാനം ചെയ്ത ചിത്രമാണ് ‘പുഴു’.

എഴുത്തിനോട് പൂര്‍ണമായും യോജിക്കുന്നു. താന്‍ ബോംബെയില്‍ സംസ്‌കാര്‍ ഭാരതി സെമിനാറിലായതിനാല്‍ ഒരു പുഴുവിനേയും കണ്ടില്ല, കീപ് ഇറ്റ് അപ് ബ്രോ എന്നും മേജര്‍ രവി കുറിച്ചു. ‘ഒച്ച് എന്നൊരു സിനിമയെടുക്കാന്‍ ആഗ്രഹിക്കുന്നു’ എന്നായിരുന്നു ശ്രീജിത്ത് പണിക്കരുടെ പോസ്റ്റ്.

പുഴുവിനെിരെ വിമര്‍ശനവുമായി രാഹുല്‍ ഈശ്വരും രംഗത്തെത്തിയിരുന്നു. ബ്രാഹ്‌മണ സമുദായത്തെയാകെ മോശക്കാരാക്കാനുള്ള സ്ഥാപിത താല്‍പര്യം ചിത്രത്തിന് പിന്നിലുണ്ടെന്ന് സംശയിച്ചാല്‍ തെറ്റില്ലെന്ന് രാഹുല്‍ പറഞ്ഞു. പിന്നോക്ക ജാതി സംരക്ഷണ നിയമം ദുരുപയോഗം ചെയ്യപ്പെടുന്നത് സിനിമയില്‍ തന്നെ കാണിക്കുന്നുണ്ടെന്നും രാഹുല്‍ ഈശ്വര്‍ അഭിപ്രായപ്പെട്ടു. ജാതി അധിക്ഷേപത്തിനെതിരെ ചിത്രത്തിലെ കുട്ടപ്പന്‍ എന്ന കഥാപാത്രം പ്രതികരിക്കുന്ന സീനാണ് ചൂണ്ടിക്കാണിച്ചത്.

‘പുഴുവില്‍ ഒരു രംഗമുണ്ട്. അതിലദ്ദേഹം (കുട്ടപ്പന്‍) പറയുന്നത് വേണമെങ്കില്‍ എസ് സി,എസ് ടി ആക്ടിന്റെ പേരില്‍ ഒരു കേസ് കൊടുക്കാമെന്നാണ്. അതായത് വേണമെങ്കില്‍ എനിക്കൊരു കള്ളക്കേസ് ഫയല്‍ ചെയ്യാമെന്ന്. ഇദ്ദേഹത്തിന്റെയും പാര്‍വതിയുടെയും സൗന്ദര്യത്തെ വെച്ച് മാര്യേജ് ഓഫീസര്‍ സംസാരിക്കുമ്പോള്‍ അയാളെ അടിക്കുകയും അതിന് ശേഷം തന്റെ ജാതി കാരണമാണെന്ന് പറഞ്ഞ് കള്ളക്കേസ് കൊടുക്കുന്നതില്‍ അഭിമാനിക്കുകയും ചെയ്യുന്നത് എസ്.സി, എസ്.ടി കോസിനോടുള്ള അവഗണനയും എസ്ടി, എസ്ടി ആക്ടിന്റെ ദുരുപയോഗമാണെന്നും നമ്മള്‍ മറക്കരുത്,’ രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

മമ്മൂട്ടി ഗംഭീരമായി അഭിനയിച്ചിട്ടുണ്ട്. പക്ഷെ ബ്രാഹ്‌മണിക്കല്‍ പൊതുബോധമെന്ന് പറഞ്ഞ് എല്ലാ ഹിന്ദുക്കളെയും ബ്രാഹ്‌മണരെയും കരി വാരിത്തേക്കുന്നത് ശരിയല്ല. എല്ലാ സമുദായങ്ങളിലും തീവ്ര സ്വഭാവക്കാരുണ്ട്. ഗോഡ്സെ ഒരു തീവ്ര ബ്രാഹ്‌മണിക്കല്‍ സ്വഭാവമുള്ള വ്യക്തിയാണ്.

ഗോഡ്സെയെ അനുകൂലിക്കുന്നവരല്ല 99 ശതമാനം ബ്രാഹ്‌മണരും. പക്ഷെ പുഴു എന്ന സിനിമയില്‍ ബ്രാഹ്‌മണ വിരോധം ഒളിച്ചു കടത്തുകയാണെന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റം പറയാന്‍ കഴിയുമോയെന്നും രാഹുല്‍ ഈശ്വര്‍ ചോദിച്ചു.

Exit mobile version