തിരുവനന്തപുരം: വിവാഹ ശേഷം ഓരോ പെണ്ണും ജനിച്ച് വളര്‍ന്ന വീട്ടില്‍ അതിഥികളാണ്. വര്‍ഷത്തില്‍ ഒന്നോ രണ്ടോ ദിവസം സ്വന്തം വീട്ടില്‍ വിരുന്നുകാരായി എത്തുന്നവര്‍. അപ്പോഴും അവരുടെ മനസു നിറയെ ഭര്‍ത്താവിനെയും കുട്ടികളെയും പറ്റിയാകും ചിന്ത. സമൂഹമാധ്യമങ്ങളിലിപ്പോള് വൈറലായിരിക്കുന്നത് ഒരു പെണ്ണിന്റെ ജീവിതത്തെപ്പറ്റി ഷിനു ശ്യാമളന് എഴുതിയ ഫേസ്ബുക്ക് പോസ്റ്റാണ്.
‘വിവാഹ ശേഷം അച്ഛനേയും അമ്മയെയും, കൂടപ്പിറപ്പിനെയും കുടുംബത്തിനേയും വര്‍ഷത്തില്‍ ഓണത്തിനോ, ക്രിസ്തുമസിനോ, വിഷുവിനോ കാണുവാന്‍ മാത്രം വിധിക്കപ്പെട്ട സ്ത്രീ ജന്മങ്ങള്. അതും കുട്ടികളുടെ അവധി കഴിയുന്നത് വരെ മാത്രം.അമ്മയുടെ കൈപുണ്യം നിറഞ്ഞ ഭക്ഷണം കഴിച്ചു കൊതി തീരും മുന്‍പേ അവധി കഴിയും. സംസാരിച്ചു കൊതി തീരും മുന്‍പേ ദിവസങ്ങള്‍ ഓടി മറയും. പൂവന് കോഴിയെ പോലെ കൂകി വിളിക്കുന്ന ഒരു അലാറമുണ്ട് ഓരോ സ്ത്രീയുടെയും ഉള്ളിലെന്ന്’ ഷിനു കുറിച്ചു.
പെണ്മക്കള് ഉണ്ടേങ്കില്‍ കഴിയുമെങ്കില്‍ അവരോടൊപ്പം തന്നെ ജീവിക്കുക. അവര്‍ ഓടുന്ന ഓട്ടത്തിനിടയ്ക്ക് നിങ്ങള്‍ കൂടെ ഉള്ളപ്പോള്‍ അവള് തളരില്ലയെന്ന് ഷിനു പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
‘പെണ്ണായി പിറന്നവര്‍…
പത്തിരുപ്പത്തിയഞ്ചു വര്‍ഷം വളര്‍ത്തിയിട്ട് ഒരു ദിവസം ഒരു മരം വേരോടെ മറ്റൊരു സ്ഥലത്തു നട്ടാല്‍ അത് ഒരുപക്ഷേ പഴയതു പോലെ നന്നായി വളരും. ചിലപ്പോള്‍ ചില മരങ്ങള്‍ ആ മണ്ണും കാലാവസ്ഥയും പിടിക്കാതെ ഉണങ്ങി പോകും.
ഇതുപോലെയാണ് ഓരോ പെണ്‍കുട്ടിയുടേയും ജീവിതവും. വര്‍ഷങ്ങള്‍ വളര്‍ത്തിയ മകളെ ഒരു ദിവസം കെട്ടിച്ചു ഒരു പുതിയ വീട്ടിലേയ്ക്ക് പറഞ്ഞു വിടും. തികച്ചും അപരിചിതമായ ആള്‍ക്കാരും, വീടും, കുടുംബാന്തരീക്ഷവുമാകാം അവിടെ.
പക്ഷെ മകനെ നമ്മള് കൂടെ നിര്‍ത്തും. അവനാണ് രക്ഷക്കാര്ത്താക്കളെ നോക്കേണ്ടതും ആ വീടിന്റെ അവകാശിയും എന്നതാണ് മറ്റൊരു കാര്യം.
കയറി ചെല്ലുന്ന വീട്ടില്‍ ശ്വാസം മുട്ടി ജീവിക്കുന്ന ഒരുപാട് സ്ത്രീകളുണ്ടാവും. നിവര്‍ത്തികേട് കൊണ്ട് ഒരക്ഷരം മറുത്തു പറയാതെ ജീവിക്കുന്നവരും ഉണ്ട്. വേറെ ചിലര്‍ സ്വസ്ഥതയോര്ത്തു വേറെ വീട്ടിലേയ്ക്ക് താമസം മാറുന്നവരുമുണ്ട്.
മിക്ക വീടുകളിലുമിന്ന് അമ്മയും, അച്ഛനും, മക്കളും മാത്രമേയുണ്ടാകു. അണുകുടുംബം. കോഴി കൂവുന്നതിന് മുന്‍പേ മിക്ക വീടുകളിലും അതിരാവിലെ എഴുന്നേറ്റ് ചോറും കറിയും വെക്കുന്ന സ്ത്രീകളെ കാണാം. ഭര്‍ത്താവിന് ജോലിയ്ക്ക് പോകണം, മക്കള്‍ക്ക് സ്കൂളില്‍ പോകണം. ഇവര്‍ക്കൊക്കെ പ്രഭാത ഭക്ഷണവും, ചോറും പൊതിഞ്ഞ് കൊടുത്തതിന് ശേഷം തയ്യാറായി ജോലിയ്ക്ക് പോകുന്ന ഒരു കൂട്ടം സ്ത്രീകള്‍. മറ്റ് ചിലര്‍ വീട്ടു ജോലികളില്‍ രാപകല്‍ ഇല്ലാതെ കഷ്ട്ടപ്പെടുന്നവര്‍.
വിവാഹ ശേഷം അച്ഛനേയും അമ്മയെയും, കൂടപ്പിറപ്പിനെയും കുടുംബത്തിനേയും വര്‍ഷത്തില്‍ ഓണത്തിനോ, ക്രിസ്തുമസിനോ, വിഷുവിനോ കാണുവാന്‍ മാത്രം വിധിക്കപ്പെട്ട സ്ത്രീ ജന്മങ്ങള്. അതും കുട്ടികളുടെ അവധി കഴിയുന്നത് വരെ മാത്രം.
അമ്മയുടെ കൈപുണ്യം നിറഞ്ഞ ഭക്ഷണം കഴിച്ചു കൊതി തീരും മുന്‍പേ അവധി കഴിയും. സംസാരിച്ചു കൊതി തീരും മുന്‍പേ ദിവസങ്ങള്‍ ഓടി മറയും. പണ്ട് കൂടെ കളിച്ചവരെ ഒരു നോക്ക് കാണാതെ മടങ്ങേണ്ടി വരും.
തിരികെ വണ്ടിയില്‍ കയറി മടങ്ങുമ്പോള്‍ നെഞ്ചില്‍ എന്തെന്നില്ലാത്ത ഭാരം തോന്നും. പക്ഷെ ആ ഭാരവും പേറി അവള് യാത്രയാവും. യാത്രയായേ പറ്റു. നാളെ ഭര്‍ത്താവിനും മക്കള്‍ക്കും ജോലിയ്ക്ക് പോകണം. രാവിലെ എഴുന്നേല്‍ക്കണം. പൂവന് കോഴിയെ പോലെ കൂകി വിളിക്കുന്ന ഒരു അലാറമുണ്ട് ഓരോ സ്ത്രീയുടെയും ഉള്ളില്‍.
നിങ്ങള്‍ക്ക് പെണ്മക്കള് ഉണ്ടോ? അവരെ പിരിഞ്ഞിരിക്കുവാന്‍ നാളെ നിങ്ങള്‍ക്കും സാധിക്കുമോ? പക്ഷെ കഴിയുമെങ്കില്‍ അവരോടൊപ്പം തന്നെ ജീവിക്കുക. അവര്‍ ഓടുന്ന ഓട്ടത്തിനിടയ്ക്ക് നിങ്ങള്‍ കൂടെ ഉള്ളപ്പോള്‍ അവള് തളരില്ല.
ഇത് വായിക്കുമ്പോള്‍ നാളെ സ്വന്തം മകളുടെ കാര്യം ഓര്‍ത്തു പോകുന്നത് ഞാന്‍ മാത്രമാണോ? മകളുടെ കാര്യം മാത്രം ഓര്‍ത്താല്‍ പോര, അമ്മയും, ഭാര്യയും, മരുമകളും എല്ലാം ഇത് അനുഭവിച്ചിട്ടുണ്ട്..
ഡോ. ഷിനു ശ്യാമളന്’
Discussion about this post