യുവനടിയെ നിർമ്മാതാവ് വിജയ് ബാബു ബലാത്സംഗം ചെയ്ത കേസിൽ അപകീർത്തികരമായ പരാമർശവുമായി നിർമാതാവ് ലിബർട്ടി ബഷീർ. ഫൈവ് സ്റ്റാർ ഹോട്ടലിൽ വിജയ് ബാബുവിനൊപ്പം പോകുമ്പോൾ തന്നെ പെൺകുട്ടി ആലോചിക്കേണ്ടതായിരുന്നെന്നും വിജയ് ബാബു തെറ്റ് ചെയ്‌തെന്ന് പറയാനാകില്ലെന്നുമാണ് ലിബർട്ടി ബഷീറിന്റെ പ്രതികരണം.
വിജയ് ബാബു ഒളിവിൽ കഴിയുന്നതിന് തെറ്റില്ല, ഏതൊരാളും ചെയ്യുന്നതാണ് അതെന്നും അദ്ദേഹം സ്വകാര്യ ചാനലിൽ നടന്ന ചർച്ചയ്ക്കിടെ പ്രതികരിച്ചു. വിജയ് ബാബു ചെയ്ത രണ്ട് തെറ്റുകൾ ഒന്ന് ആ ഇരയുടെ പേര് വെളിപ്പെടുത്തി എന്നതാണ്. രണ്ടാമത്തേത് ഫേസ്ബുക്കിൽ ഭീഷണിപ്പെടുത്തി പോസ്റ്റിട്ടത്. ഈ രണ്ട് തെറ്റല്ലാതെ വിജയ് ബാബു ചെയ്തിട്ടില്ല. സത്യാവസ്ഥ അറിയുന്ന സ്ഥിതിയ്ക്ക് ഒരിക്കലും എനിക്ക് വിജയ് ബാബു തെറ്റ് ചെയ്തുവെന്ന് പറയാനാകില്ല. അങ്ങനെ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യുകയാണെങ്കിൽ പിന്നെ ലോകത്ത് ഒരു പുരുഷൻമാർക്കും ജീവിക്കാൻ പറ്റില്ലെന്നും ലിബർട്ടി ബഷീർ പറഞ്ഞു.
‘സിനിമയിൽ പല നടിമാരും ഒരു പ്രൊഡ്യൂസർ എന്ന നിലയിൽ ബന്ധപ്പെട്ടുകൊണ്ടിരിക്കും. കാര്യസാധത്തിന് വേണ്ടി അവരെ സമീപിക്കുക പിന്നെ കാല് മാറുക, പിന്നെ കേസ് കൊടുക്കുക ഇതൊന്നും ഒരിക്കലും ന്യായീകരിക്കാൻ പറ്റില്ല. ബലാത്സംഗത്തിന്റെ നിർവചനം നമ്മളെല്ലാവരും പഠിക്കേണ്ടതാണ്. ഈ പറഞ്ഞ കുട്ടിക്ക് എനിക്ക് തോന്നുന്നു അത്യാവശ്യം വിദ്യാഭ്യാസം ഉണ്ട്. സ്വന്തമായിട്ട് നല്ല ഫൈവ് സ്റ്റാർ ഹോട്ടലിൽ വിജയ് ബാബുവിനോടൊപ്പം പോകുന്ന സമയത്ത് കുട്ടി ആലോചിക്കേണ്ടതില്ലേ.’
‘ഒരു പെൺകുട്ടിയുമായി ഇങ്ങനത്തെ വിഷയത്തിന് പോകുന്ന സമയത്ത് ഒരു എഗ്രിമെന്റ് ഉണ്ടാക്കി വെക്കണോ? സ്റ്റാംപ് പേപ്പറിൽ എഗ്രിമെന്റുണ്ടാക്കി വേണോ റൂമിലേക്ക് കൂട്ടിക്കൊണ്ടുപോകാൻ. തയ്യാറായിട്ട് വന്ന കുട്ടിയായിരിക്കുമല്ലോ. അല്ലാതെ ഒരു ഹോട്ടലിലേക്ക് പോകില്ലല്ലോ. ഒരു ഫൈവ് സ്റ്റാർ ഹോട്ടലിൽ വിജയ് ബാബു എന്ന ഒരുത്തന്റെ കൂടെ പോകണമെങ്കിൽ എന്തായിരിക്കും ആ പെൺകുട്ടിയുടെ മാനസികാവസ്ഥ.’
‘പെൺകുട്ടികളും ശ്രദ്ധിക്കേണ്ടതാണ്. എത്രയോ പെൺകുട്ടികൾ ഒറ്റയ്ക്ക് രാത്രിയിലൊക്കെ പോകുന്നുണ്ട്, സംസാരിക്കാൻ പോലും ഒരാൾക്കും ധൈര്യമുണ്ടാകില്ല. വിതുര കേസിലും സൂര്യനെല്ലി കേസിലും പഴയ കേന്ദ്രമന്ത്രി, സംസ്ഥാന മന്ത്രി പ്രമുഖ ആർട്ടിസ്റ്റ് എന്നിവരൊക്കെ പെട്ടിരുന്നല്ലോ. അന്നൊന്നും ഇത്ര വലിയ കോലാഹലമുണ്ടായിട്ടില്ല.’- ലിബർട്ടി ബഷീർ പറയുന്നു.
Discussion about this post