മമ്മൂട്ടിയും പാർവതിയും മുഖ്യ വേഷത്തിലെത്തിയ പുഴു എന്ന ചിത്രം മികച്ച അഭിപ്രായങ്ങൾ നേടി മുന്നേറുന്നതിനിടെ വ്യത്യസ്തമായ അഭിപ്രായം പങ്കുവെച്ച് രാഹുൽ ഈശ്വർ രംഗത്ത്. പുതുമുഖ സംവിധായിക റത്തീന ഒരുക്കിയ ചിത്രം ബ്രാഹ്‌മണ വിരോധം ഒളിച്ചുകടത്തുകയാണെന്നാണ് രാഹുൽ ഈശ്വറിന്റെ നിരീക്ഷണം. സിനിമയിലെ ഒരു രംഗം ദളിത്, പിന്നോക്ക വിഭാഗ സംരക്ഷണ നിയമത്തെ ദുരുപയോഗം ചെയ്യുകയാണെന്നും രാഹുൽ ഈശ്വർ ആരോപിച്ചു.
ഒരു അഭിമുഖത്തിലാണ് രാഹുൽ ഈശ്വർ തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്. ബ്രാഹ്‌മണിക്കൽ പൊതുബോധമെന്ന് പറഞ്ഞ് എല്ലാ ഹിന്ദുക്കളെയും ബ്രാഹ്‌മണരെയും കരി വാരിത്തേക്കുന്നത് ശരിയല്ലെന്ന് രാഹുൽ അഭിപ്രായപ്പെടുന്നു.
‘ഞാൻ വേറൊരു ജാതിയിൽ നിന്ന് കല്യാണം കഴിച്ച വ്യക്തിയാണ്. ആരാണ് ഇക്കാലത്ത് ജാതിയുടെ പേരിൽ ആളുകളെ കൊല്ലുന്നത്. കേരളത്തിൽ കഴിഞ്ഞ 50 വർഷത്തിൽ ജാതി മാറി കല്യാണം കഴിച്ചതിന് ഏതെങ്കിലും ബ്രാഹ്‌മണൻ ആരെയെങ്കിലും കൊന്നിട്ടുണ്ടോ’- രാഹുൽ ചോദിക്കുന്നു.
എല്ലാ സമുദായങ്ങളിലും തീവ്ര സ്വഭാവക്കാരുണ്ടെന്നും ഗോഡ്‌സെ അത്തരത്തിൽ ഒരു തീവ്ര ബ്രാഹ്‌മണിക്കൽ സ്വഭാവമുള്ള വ്യക്തിയാണെന്നും ഗോഡ്‌സെയെ അനുകൂലിക്കുന്നവരല്ല 99 ശതമാനം ബ്രാഹ്‌മണരും. പക്ഷെ പുഴു എന്ന സിനിമയിൽ ബ്രാഹ്‌മണ വിരോധം ഒളിച്ചു കടത്തുകയാണെന്ന് ആരെങ്കിലും സംശയിച്ചാൽ കുറ്റം പറയാൻ കഴിയുമോയെന്നും രാഹുൽ പ്രതികരിച്ചു.