തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നാല് പുതിയ കക്ഷികളെ കൂട്ടിച്ചേര്‍ത്ത് മുന്നണി വിപുലീകരിച്ച സംഭവത്തില്‍ അതൃപ്തി രേഖപ്പെടുത്തി ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വിഎസ് അച്യുതാനന്ദന്‍. വര്‍ഗ്ഗീയവാദികള്‍ക്കും സവര്‍ണ മേധാവിത്വമുള്ളവര്‍ക്കുമുള്ള ഇടത്താവളമല്ല എല്‍ഡിഎഫെന്നും കുടുംബത്തില്‍ പിറന്ന സ്ത്രീകള്‍ ശബരിമലയില്‍ പോകില്ലെന്നു പറയുന്നവര്‍ മുന്നണിക്കു ബാധ്യതയാണെന്നും വിഎസ് അഭിപ്രായപ്പെട്ടു. ആറ്റിങ്ങലില്‍ പൊതുപരിപാടിക്കിടെയായിരുന്നു പ്രതികരണം. കേരളാ കോണ്‍ഗ്രസ് (ബി), എല്‍ ജെ ഡി, ഐ എന്‍ എല്‍, ജനാധിപത്യ കേരളാ കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളെയാണ് കഴിഞ്ഞദിവസം ഇടതുമുന്നണിയിലെടുത്തത്.
കാലഹരണപ്പെട്ട അനാചാരങ്ങളും സ്ത്രീവിരുദ്ധതയും സവര്‍ണ മേധാവിത്വവും ഉയര്‍ത്തിപ്പിടിക്കുന്നവര്‍, വര്‍ഗീയ കക്ഷികള്‍ തുടങ്ങിയവര്‍ക്കുള്ള ഇടത്താവളമല്ല ഇടതുപക്ഷ കൂട്ടായ്മകളും മുന്നണികളുമെന്ന് വിഎസ് ഒളിയമ്പെറിഞ്ഞു. ആരെയും പ്രത്യക്ഷത്തില്‍ പേരെടുത്ത് പറയാതെയാണ് വിഎസ് വിമര്‍ശം ഉന്നയിച്ചത്.
എന്നാല്‍ വിഎസ്സിന്റെ പരാമര്‍ശത്തിന് പ്രതികരണവുമായി കേരള കോണ്‍ഗ്രസ് ബി നേതാവ് ആര്‍ ബാലകൃഷ്ണപിള്ള രംഗത്തെത്തി. താന്‍ സവര്‍ണരുടെയോ അവര്‍ണരുടെയോ ആളല്ലെന്നും വിഎസ്സിന്റെ പരാമര്‍ശത്തെപ്പറ്റി കൂടുതലൊന്നും അറിയില്ലെന്നും അദ്ദേഹം പ്രതികരിച്ചു.